ലക്ഷ്യമിട്ടത് ഫെബിന്‍റെ സഹോദരിയെ? തേജസ് എത്തിയത് പെട്രോളുമായി, പ്രണയപ്പകയിലെ കൊലപാതകമെന്ന് പൊലീസ്
text_fieldsതേജസ് രാജ്, ഫെബിൻ ജോർജ് ഗോമസ്
കൊല്ലം: വീട്ടിൽ കയറി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ 24കാരൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. ഫാത്തിമ മാതാ നാഷനൽ കോളജ് രണ്ടാംവർഷ ബി.സി.എ വിദ്യാർഥിയായ കൊല്ലം ഉളിയക്കോവിൽ വിളിപ്പുറം മാതൃക നഗർ 160ൽ ഫ്ലോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസിനെ (21)യാണ് കുത്തിക്കൊലപ്പെടുത്തിയത്. കൊലചെയ്തതിന് പിന്നാലെ ഡി.സി.ആർ.ബി ഗ്രേഡ് എസ്.ഐ നീണ്ടകര പുത്തൻതുറ തെക്കടത്ത് രാജുവിന്റെയും ബജിലയുടെയും മകൻ തേജസ് രാജ് (24) ആണ് ആത്മഹത്യ ചെയ്തത്. തേജസ് രാജിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഫെബിന്‍റെ പിതാവ് ജോർജ് ഗോമസ് ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കൊല്ലം നഗരത്തെ നടുക്കിയ സംഭവം നടന്നത്.
കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. യുവതിക്ക് മാത്രമേ ബാങ്കിൽ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. കാലക്രമേണ യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടർന്നതോടെ വീട്ടുകാർ വിലക്കുകയും ചെയ്തു. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് ഉളിയക്കോവിൽ മാതൃക നഗറിലെ വീട്ടിൽ പർദ ധരിച്ച് മുഖം മറച്ച് കാറിലാണ് തേജസ് രാജ് എത്തിയത്. കയ്യിൽ രണ്ട് പെട്രോൾ ടിന്നുമുണ്ടായിരുന്നു. തുടർന്നാണ് ഫെബിന് കുത്തേറ്റത്. കുത്തേറ്റ് പുറത്തേക്ക് ഓടിയ ഫെബിൻ റോഡിൽ മറിഞ്ഞുവീണതാണ് അയൽവാസികൾ കണ്ടത്. കുത്താനുപയോഗിച്ച കത്തി റോഡരികിൽ വലിച്ചെറിഞ്ഞ തേജസ് രാജ്, കാറിൽ കയറി രക്ഷപ്പെടുകയായിരുന്നത്രെ. സമീപവാസികൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫെബിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ പിതാവ് ജോർജ് ഗോമസിനെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നാണ്, മൂന്ന് കിലോമീറ്റർ അകലെ കടപ്പാക്കട ചെമ്മാൻമുക്ക് പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാർ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ ഗ്രേഡ് എസ്.ഐ രാജുവിന്‍റെ മകൻ തേജസ് രാജാണ് മരിച്ചതെന്ന് വ്യക്തമായത്. കാറിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളാണ് ഉളിയക്കോവിലിൽ കൊലപാതകം നടത്തിയതെന്നും പിന്നാലെ വ്യക്തമായി. കൈത്തണ്ട മുറിച്ച ശേഷമാണ് തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടിയത്. കാറിന്‍റെ പുറംവശത്ത് മുഴുവൻ രക്തക്കറ കണ്ടെത്തി. കാറിനുള്ളിൽ രണ്ട് കുപ്പികളിൽ മണ്ണെണ്ണയും കണ്ടെത്തി.
സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്‍റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.