കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: 361.17 കോടിയുടെ കരാർ
text_fieldsകൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 361.17 കോടിയുടെ കരാർ നൽകി. പൊതുമേഖല സ്ഥാപനമായ റെയിൽവേ ഇൻഫ്രാസ്ട്രക്ചറൽ ടെക്നിക്കൽ എൻജിനീയറിങ് സർവിസും സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്ത സംരംഭമായാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. 36 മാസം കൊണ്ട് പണി പൂർത്തിയാക്കി അടുത്ത മൂന്നുമാസം കൊണ്ട് പൂർണമായും ഉപയോഗയോഗ്യമാക്കി നൽകുന്നതിനാണ് ആകെ 39 മാസം നൽകിയിട്ടുള്ള കരാറെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
നിലവിലുള്ള ട്രെയിൻ സർവിസ് തടസ്സം വരാതെയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ബ്രൗൺ ഫീൽഡ് പ്രോജക്ടായി പദ്ധതി നടപ്പാക്കാനാണ് കരാർ. നിലവിലെ നിർമിതികൾ പൊളിച്ചുമാറ്റുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വായു, ശബ്ദ മലിനീകരണം കുറക്കുവാനും പ്രത്യേക വ്യവസ്ഥയുണ്ട്. റെയിൽവേ നിശ്ചയിക്കുന്ന നിബന്ധനകൾക്കും വ്യക്തമായ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഓരോ നിർമാണത്തിന്റെയും രൂപകൽപന നടത്തുന്നത്.
രൂപകൽപനക്ക് റെയിൽവേ അംഗീകാരം നൽകുന്നതനുസരിച്ചായിരിക്കും നിർമാണം. ലോകോത്തര നിർമാണ നിലവാരമായ 'ഗൃഹ 3' അനുസരിച്ചായിരിക്കും നിർമാണം നടത്തുന്നത്. വിമാനത്താവളത്തിൽ യാത്രാക്കാർക്ക് ലഭ്യമാകുന്നതിന് സമാനമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ് വികസനം.
രാജ്യാന്തര നിലവാരത്തിൽ ക്ലാസ് എ സൗകര്യങ്ങൾ ഒരുക്കും. കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ പരമാവധി എണ്ണം ഏറ്റവും തിരക്കുള്ള സമയത്ത് മണിക്കൂറിൽ 4000 ആണ്. 2041 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് വികസനം. 2041ൽ മണിക്കൂറിൽ പരമാവധി യാത്രക്കാരുടെ എണ്ണം 7800 ആകും എന്നാണ് കണക്കാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.