പൊട്ടിക്കരഞ്ഞത് പ്രവർത്തകരുടെ സ്നേഹം കണ്ട്, കുണ്ടറയിൽ വിഷ്ണുനാഥിന് വിജയം ഉറപ്പ് -ബിന്ദു കൃഷ്ണ
text_fieldsകൊല്ലം: കൊല്ലം മണ്ഡലത്തിലെ സീറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊട്ടിക്കരഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ. പ്രവർത്തകരുടെ സ്നേഹം കണ്ടാണ് കരഞ്ഞതെന്നും കരച്ചിൽ നാടകമാണെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പി.സി. വിഷ്ണുനാഥുമായി മറ്റു പ്രശ്നങ്ങളില്ല. കുണ്ടറയിൽ വിഷ്ണുനാഥിന്റെ വിജയം ഉറപ്പാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കൊല്ലം ഡി.സി.സി ഓഫിസിലായിരുന്നു ശനിയാഴ്ച സംഭവം. കൊല്ലത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ വനിത പ്രവർത്തകരുടെ മുമ്പിൽ ബിന്ദു കൃഷ്ണ കരയുകയായിരുന്നു. ബിന്ദുവിന് കൊല്ലത്ത് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചിരുന്നു.
കൊല്ലത്ത് വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാർഥിയായി നിർദേശിച്ചിരുന്നത്. കൊല്ലത്ത് സ്ഥാനാർഥിയാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ നടത്തിയിരുന്നു. ഇതിന് ശേഷമാണ് കുണ്ടറയിൽ മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചത്.
പ്രതിഷേധങ്ങൾക്കൊടുവിൽ ബിന്ദു കൃഷ്ണ തന്നെ മത്സരിക്കുമെന്ന് തീരുമാനമായതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.