ഭൂമിയിൽ കൊടികുത്തി; സി.പി.എം വെട്ടിലായി
text_fieldsകുണ്ടറ: കടബാധ്യതമൂലം ആത്മഹത്യ ചെയ്തയാളിെൻറ ഭൂമിയിൽ കൊടികുത്തി സി.പി.എം. എന്നാൽ, ഇക്കാര്യത്തിൽ ചില നേതാക്കളുടെ ജാഗ്രതക്കുറവ് പാർട്ടിയിലും അണികളിലും ഭിന്നാഭിപ്രായത്തിന് കാരണമായി.
മൺറോതുരുത്ത് പട്ടംതുരുത്തിൽ 2000ൽ വാങ്ങിയ 1.33 ഏക്കർ ഭൂമി വിൽക്കാൻ ഉടമകൾ നടപടി സ്വീകരിച്ചപ്പോഴാണ് പിറവന്തൂർ സ്വദേശിയായിരുന്ന ഷെറീഫ് ഭാര്യ റുഖിയാബീവിയുടെ പേരിൽ വാങ്ങിയ വസ്തുവിൽ പാർട്ടി കൊടികുത്തിയത്. നേരത്തേ ഇവിടെ ഇഷ്ടികക്കമ്പനിയായിരുന്നു.
വസ്തു വാങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട ബാധ്യതകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഉടമകൾ പറയുന്നു. ഇപ്പോൾ വസ്തു പ്ലോട്ടുകളായി തിരിച്ച് വിൽപന നടത്തിത്തുടങ്ങിയപ്പോൾ പ്രാദേശിക പാർട്ടി നേതാക്കൾ പണം ആവശ്യെപ്പട്ടതായും അത് നൽകാതിരുന്നതോടെ തൊഴിൽ പ്രശ്നമാക്കുകയായിരുന്നു എന്നും ഉടമ പൊലീസിലും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ പറയുന്നു.
പ്രശ്നം പരിഹരിക്കാനുള്ള ചർച്ചയോ ശ്രമമോ നടത്താതെ കുടിൽ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. എന്നാൽ, ഇത്തരത്തിലെ സമരവും അത് ഉദ്ഘാടനം ചെയ്യാൻ ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ എത്തിയതും ദോഷകരമായെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പരാതിെപ്പടുന്നത്. വസ്തുവിൽ മുമ്പുണ്ടായിരുന്ന ഇഷ്ടികക്കമ്പനിയിൽ ജോലിചെയ്തിരുന്ന 22 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാതെ വസ്തു വിൽക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സമരം ആരംഭിച്ചത്.
വസ്തുവിൽ അതിക്രമിച്ചുകയറിയതിനും കുടിൽ കെട്ടിയതിനും പാർട്ടി നേതാക്കൾക്കടക്കം എതിരെ വസ്തുഉടമകൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.