കൊല്ലത്തിന്റെ സ്വന്തം ബ്രാൻഡ് അംബാസിഡർ
text_fieldsആളുകളെ പിടിച്ചുനിർത്തുന്ന പ്രസംഗ വൈഭവം. കഥകളും തമാശകളും മാത്രമല്ല കൈയിലെ ആയുധം. കഥപറച്ചിൽ ശൈലിയിലൂടെ രാഷ്ട്രീയം പറയുന്ന അസൽ രാഷ്ട്രീയക്കാരനായിരിക്കുന്നു മുകേഷ്
ഉച്ചച്ചൂടിന്റെ കാഠിന്യം സമയം മൂന്നായിട്ടും കുറഞ്ഞിട്ടില്ല. വെന്തുരുക്കുന്ന സ്ഥിതിയാണ്. അഞ്ചാലുംമൂട് സി.കെ.പി ജങ്ഷനും കടന്ന് പനമൂട് നാൽക്കവലയിൽ തെരഞ്ഞെടുപ്പ് പ്രചരണ ചൂട് അന്തരീക്ഷ ചൂടിനെ തോൽപ്പിക്കുന്നതായിരുന്നു കാഴ്ച. അല്ലേലും ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ. നാലു ചുറ്റും ചെങ്കൊടികൾ. കൊല്ലത്തിന്റെ സ്വന്തം ബ്രാൻഡ് അംബാസിഡർ എം. മുകേഷിന്റെ ചിരിക്കുന്ന മുഖവുമുണ്ട്.
രാവിലെ മയ്യനാട് മേഖലയിലെ പര്യടനശേഷം വിശ്രമം കഴിഞ്ഞ് എൽ.ഡി.എഫ് കൊല്ലം സ്ഥാനാർഥി എം. മുകേഷ് വൈകിട്ടത്തെ പര്യടനത്തിന് തുടക്കമിടുന്നത് സ്വന്തം നിയോജക മണ്ഡലത്തിലെ പനമൂട് നിന്നാണ്. കസേരകളും മൈക്കും സ്ലാഷ് പോപ്പറും പടക്കവും ബുക്കും പേനയും മാലയും എത്തിയവർക്കൊക്കെ വെള്ളവും. സംഭവം കളറാണ്. മണിക്കൂർ മുമ്പെ ഒരുക്കമെല്ലാം പൂർണം.
മന്ത്രി ഗണേഷ് കുമാറിന്റെ റെക്കോഡഡ് പ്രസംഗമാണ് ബോക്സിൽ നിന്ന് ഉയരുന്നത്. നേതാക്കളും പ്രവർത്തകരും നേരത്തെ എത്തിയിട്ടുണ്ട്. സ്ഥാനാർഥി എത്താൻ സമയം അടുക്കുംതോറും നാലുപാട് നിന്നും വനിതകളും കുട്ടികളും അടങ്ങിയ സംഘങ്ങൾ വന്നുചേർന്നുകൊണ്ടിരുന്നു. ആദ്യമെത്തിയവർക്കൊക്കെ കസേരയുണ്ട്. പിന്നീടെത്തിയവർ എല്ലാം ചേർന്ന് നൂറോളംപേർ. ചൂട് വിയർപ്പുചാലുകൾ തീർത്ത് ഒഴുകുമ്പോഴും കുഞ്ഞുകുട്ടി മുതൽ വയോധികർ വരെ ചുറുചുറുക്കോടെ കാത്തിരിപ്പിലാണ്.
സ്ഥാനാർഥി എത്തുമ്പോഴേക്ക് തീർക്കാനായി, ഉദ്ഘാടന പ്രസംഗം പൊരിഞ്ഞുകയറുകയാണ്. സംഘപരിപാർ രാഷ്ട്രീയത്തെയും യു.ഡി.എഫ് നയങ്ങളെയും വലിച്ചുകീറുന്നു. ഒപ്പം എതിർസ്ഥാനാർഥിക്കെതിരെയുള്ള വാദങ്ങളും പോയന്റുകളായി ഒഴുകുന്നത് സാകൂതം കേട്ട് റോഡ് നിറഞ്ഞ സദസ്.
സമയം നാല് പിന്നിട്ടതോടെ ചിരിതൂകി എം. മുകേഷ് എത്തി. ഇൻക്വലാബ് മുഴക്കം പടക്കത്തിനുമുയരെ. സ്ലാഷ് പോപ്പറിൽ നിന്ന് ഉയർന്ന് പൊങ്ങിയ ചുവന്ന വർണകടലാസുകൾ സ്ഥാനാർഥിക്ക് സ്വാഗതമോതി. പിന്നെ സ്വീകരണത്തിന്റെ തിരക്കാണ്. പുതുപുത്തൻ ബുക്കുകളും പേനകളും നൽകി സ്വീകരിക്കാൻ വനിതകൾക്കും കുട്ടികൾക്കും വയോധികർക്കും ആണ് മുൻഗണന. ഓരോ ബുക്കും വാങ്ങി, കൈകൊടുത്ത് സ്നേഹാന്വേഷണം നടത്തിയാണ് സ്ഥാനാർഥി പ്രസംഗത്തിലേക്ക് കടന്നത്.
എല്ലാവരെയും കണ്ട് വോട്ടുതേടാനുള്ള ശ്രമമാണെന്ന് പറഞ്ഞാണ് തുടക്കം. കൊടുംചൂടിലും ആവേശകരമായി ഉണർന്ന് പ്രവർത്തിക്കുന്ന പ്രവർത്തകരോട് സ്നേഹം നിറഞ്ഞ വാക്കുകൾ. കേരളത്തിനായുള്ള പോരാട്ടമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞതിന്റെ ഫലമാണ് സ്നേഹോഷ്മളമായ സ്വീകരണങ്ങളെന്നും സ്ഥാനാർഥി. ബി.ജെ.പി, യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് നേരെ ചാട്ടുളികൾ നിറഞ്ഞ വാക്കുകൾ.
സ്വീകരണകേന്ദ്രങ്ങളിൽ ആളൊഴുകിയെത്തുന്നതിന് പിന്നിൽ താരത്തിളക്കത്തിന്റെ ആകർഷണമുണ്ടെങ്കിലും എത്തുന്നവരെ പിടിച്ചുനിർത്തുന്ന പ്രസംഗ വൈഭവത്തിലൂടെ ഒന്നാന്തരം രാഷ്ട്രീയക്കാരനായിരിക്കുന്നു മുകേഷ്. കഥകളും തമാശകളും മാത്രമല്ല കൈയിലെ ആയുധം.
കഥപറച്ചിൽ ശൈലിയിലൂടെ രാഷ്ട്രീയം പറയുന്ന അസൽ രാഷ്ട്രീയക്കാരൻ ആണ് സ്വീകരണവേദികളിൽ. കണക്കിലും കാര്യത്തിലും ഇടർച്ചയില്ല. മുഷിപ്പിക്കാതെ കട്ടരാഷ്ട്രീയം പറഞ്ഞ് കൈയിലെടുക്കുകയാണ്. പനമൂട് നിന്ന് പര്യടനം തുടങ്ങുകയായി. ഓലമേഞ്ഞ വാഹനത്തിൽ ചെണ്ടമേളക്കാർ ആണ് മുന്നിൽ വരവറിയിക്കുന്നത്.
പിന്നാലെ ‘സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി, ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി നാടിന്റെ ജനകീയ നായകനിതാ ഈ വഴിത്താരകളിൽ കടന്നുവരികയായി.’ -അനൗൺസ്മെന്റ് വാഹനങ്ങളിൽ നിന്ന് ആവേശം ഉയർന്നുകേൾക്കുംതോറും വഴിയോരങ്ങളിൽ ഓടിയെത്തുന്നുണ്ട് ആളുകൾ. വീടുകളിൽ നിന്നിറങ്ങി പുഞ്ചിരിച്ച്, കൈവീശി കാണിക്കാൻ നിരവധി പേർ. എല്ലാവർക്കും അഭിവാദ്യമർപ്പിച്ച് എം. മുകേഷ്.
ഇടക്ക് സ്നേഹം പൂക്കളായി കാത്തുവെച്ച് വാഹനം തടഞ്ഞുനിർത്തി സമ്മാനിക്കുന്നു. കുഞ്ഞു മകൾ മുതൽ പ്രായമേറിയവർ വരെയുണ്ട്. ചിലർക്ക് നടൻ മുകേഷ് തന്നെ നോക്കി കൈവീശി കാണിക്കുന്നു എന്ന ആശ്ചര്യമാണ്. ഇടവഴിയിൽ നിന്ന് മുന്നിലേക്ക് ഓടിയെത്തിയ ബാലൻ പിറകിൽ ഓടിയെത്തുന്ന കൂട്ടുകാരെ പെട്ടെന്ന് വായെന്ന് പറഞ്ഞ് ആർത്തുവിളിക്കുന്നു. മൊത്തത്തിൽ ആ വഴിയോരങ്ങളിൽ ആവേശം നിറയുമ്പോൾ സ്ഥാനാർഥി ഓരോ വോട്ടും ഉറപ്പിക്കുകയാണ്.
‘‘ ഇങ്ങനെ ഒരു ഇലക്ഷൻ പ്രതികരണം ഉണ്ടായിട്ടില്ല. അത്രമാത്രം ആവേശം കൊല്ലം മണ്ഡലം മുഴുവനുമുണ്ട്. ആൾക്കാരെ നേരിട്ട്കാണുമ്പോൾ അവരൊക്കെ അതിഗംഭീരമായ പ്രതികരണമാണ് നൽകുന്നത്. രണ്ട് തെരഞ്ഞെടുപ്പ് ജയിച്ചയാളാണ് ഞാൻ. പക്ഷേ അതിനൊക്കെ എത്രയോ മുകളിലാണ് ഇപ്രാവശ്യം വാശിയും ആവേശവുമെല്ലാം. നഗരമേഖലകൾക്കപ്പുറം ഗ്രാമീണമേഖലകളിലാണ് ആവേശം കൂടുതൽ. അതിശയോക്തിയാണെന്ന് തോന്നും, പുനലൂരും ചടയമംഗലത്തുമൊക്കെ ആയിരങ്ങളാണ് സ്വീകരണങ്ങൾക്ക് എത്തിച്ചേരുന്നത്.’’-പ്രചരണകാഴ്ചകൾ നൽകുന്ന ആവേശം സ്ഥാനാർഥിയുടെ വാക്കുകളിലും പ്രകടം. പരാതി ചൂടിനെക്കുറിച്ച് മാത്രം.
ആവേശയാത്ര കുപ്പണയിലെത്തുമ്പോൾ റോഡ് നിറഞ്ഞുണ്ട് ആൾക്കൂട്ടം. ‘ആ പുസ്തകമിങ്ങ് താ’- മുകേഷ് വാഹനത്തിന് ചുറ്റും കൂടിയവരെ കൈയിലെടുത്തു. ഈ സ്വീകരണങ്ങളുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഹാരങ്ങൾക്കും പൂക്കൾക്കും പകരം ലഭിക്കുന്ന നൂറുകണക്കിന് ബുക്കുകൾ തന്നെയാണ്. അർഹരായ കുട്ടികളെ തേടി പോകാനുള്ള യാത്രയിലാണ് അവയും. ഇടറോഡുകളിലൂടെ വെട്ടുവിളയും മുരുന്തലും കടന്ന് പര്യടന സംഘം ആനേഴ്ത്ത്മുക്കിലെത്തി.
ചൂട് പൊരിച്ചെങ്കിലും ഇടക്ക് തുള്ളിപെയ്ത മഴ ചതിച്ചില്ല. മുകേഷിനെ കാണാനും ഒരു ബലൂൺ സമ്മാനിക്കാനും കാലിൽ പൊള്ളലേറ്റ വേദനപോലും മറന്ന് ശാന്ത എന്ന വയോധിക കാത്തിരിക്കുകയായിരുന്നു. ബലൂണും ബുക്കും കൊടുത്ത് സന്തോഷത്തോടെ അവർ മടങ്ങി. ഇരട്ടക്കടയിൽ മുകേഷിന്റെ മുഖം പ്ലക്കാർഡാക്കി എട്ട് കുട്ടികൾ വ്യത്യസ്ത സ്വീകരണമൊരുക്കിയിട്ടുണ്ട്. സ്ഥാനാർഥിയുടെ അഭിവാദ്യം സ്വീകരിച്ച് സന്തോഷത്തോടെ കുഞ്ഞുമുഖങ്ങൾ തിളങ്ങി.
ഇലക്ഷൻ സ്ക്വാഡിന്റെ പരിശോധനയും നടക്കുന്നുണ്ട്. എല്ലാ സ്വീകരണ വേദികളും രാഷ്ട്രീയ വിശദീകരണ വേദികൾ കൂടിയാക്കി മാറ്റുന്നതിൽ ഇടത് തെരഞ്ഞെടുപ്പ് സംഘാടകർക്ക് പ്രത്യേക മാർക്ക് നൽകണം. സ്ഥാനാർഥി എത്തുന്നതിന് മുമ്പെ തന്നെ പറയേണ്ടതെല്ലാം പറഞ്ഞ് തീർത്തിരിക്കും.
മുതിരപ്പറമ്പിൽ സി.എ.എ എന്ന അപകടത്തെ കുറിച്ച് അളന്നുകുറുക്കിയ വാക്കുകളിൽ മുകേഷിന്റെ പ്രസംഗം കഴിഞ്ഞ് മുളങ്കാടകം ദേവിക്ഷേത്രത്തിന് മുന്നിലെ സ്വീകരണവേദിയിൽ. ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടി നടക്കുന്നതിന് തടസം വരാതിരിക്കാനെന്ന് പ്രത്യേകം പറഞ്ഞ് ആറ്റികുറുക്കിയ വാക്കുകളിൽ വോട്ടഭ്യർഥന.
ആശ്രാമം ഇ.എസ്.ഐ ജങ്ഷനിൽ അരയാൽ കുളിർമയിലേക്കാണ് സ്ഥാനാർഥി വന്നെത്തിയത്. അരയാൽ ഇലകൾ കാറ്റിൽ നൃത്തം വെക്കുമ്പോൾ അതുവരെ അനുഭവിച്ച ചൂടെല്ലാം എങ്ങോപോയ്മറഞ്ഞു. മുകേഷ് ബുക്കുകളും ഹാരങ്ങളും ഏറ്റുവാങ്ങി പ്രസംഗിക്കാൻ മൈക്ക് കൈയിലെടുത്ത് ആദ്യ വാക്കുപറയാൻ തുടങ്ങിയപ്പോൾ ദാ രക്തഹാരവുമായി ഇ.എസ്.ഐ ജങ്ഷന്റെ സ്വന്തം സുഗതൻ ചേട്ടൻ മുന്നിൽ.
സ്വതസിദ്ധമായ മുകേഷ് സ്റ്റൈൽ ഡയലോഗ്, എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇവിടെയപ്പുറത്ത് എന്ന് തലതിരിച്ചു സുഗതൻ മറുപടി കൊടുക്കവെ ചുറ്റുംനിന്നവരിൽ ചിരിപടർന്നു. കണിശവും ഹ്രസ്വവുമായ രാഷ്ട്രീയവാക്കുകൾക്കൊടുവിൽ കൈവീശി യാത്ര പറയവെ റോഡരികിൽ നിന്ന സുഗതൻ വീണ്ടും പ്രിയ സഖാവിനെ സ്നേഹാഭിവാദ്യം നൽകി യാത്രയാക്കി.
അടിയുറച്ച ഇടതുപ്രവർത്തകനായ സുഗതൻ ലോട്ടറി വിൽപനയുമായി സദാ ഇ.എസ്.ഐ ജങ്ഷനിലുണ്ടാകും. താനും കുടുംബവുമെല്ലാം പണ്ടുമുതലെ പാർട്ടിക്കാരാണെന്ന് പറയുമ്പോൾ കണ്ണുകളിൽ തിളക്കം. എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് ചോദിച്ചാൽ ഉടൻ മറുപടിയുണ്ട് -‘‘ ജയം നമുക്ക് തന്നെ... അദേഹം ചെയ്ത വികസനപ്രവർത്തനങ്ങൾ തന്നെയാണ് കാരണം. ‘‘ഈ രക്തത്തിൽ ജനിച്ചവർക്കൊന്നും മാറ്റി ചെയ്യാനാവില്ല.
അവർ ഇതിന്(കമ്യൂണിസ്റ്റ്) തന്നെ ചെയ്യും.’’ സുഗതൻ ചേട്ടനെ പോലുള്ള അനേകായിരങ്ങളുടെ വിശ്വാസം കാക്കാനുള്ള പരിശ്രമം കൂടുതൽ ഉഷാറാക്കി സ്ഥാനാർഥിയും കൂട്ടരും അടുത്ത സ്വീകരണകേന്ദ്രം ലക്ഷ്യമാക്കി മുന്നോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.