കൊലപാതകത്തിന് അഞ്ചുമാസത്തെ തയാറെടുപ്പ്; പാമ്പിനെ വാങ്ങിയത് വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനെന്ന് പറഞ്ഞ്
text_fieldsകൊല്ലം: ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപക്ക് ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് സുഹൃത്തിൽ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചതായാണ് വിവരം. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിെൻറ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ഏഴിന് പുലർച്ചെ ആറ് മണിയോടെയാണ് ഉത്രയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടത്. പതിവിന് വിപരീതമായി മുറി തുറന്നുകിടക്കുന്നത് കണ്ട മാതാവ് മണിമേഖല അകത്ത് കയറി നോക്കിയപ്പോളാണ് ഉത്ര ചലനമറ്റ് കിടക്കുന്നത് കണ്ടത്.
രണ്ടുതവണയാണ് ഉത്രക്ക് പാമ്പുകടിയേറ്റത്. മാർച്ച് രണ്ടിന് സൂരജിെൻറ വീട്ടിൽവെച്ച് രാത്രിയാണ് ആദ്യം പാമ്പ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിെൻറ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്. മൂർഖൻ പാമ്പായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.
25 കാരിയായ ഉത്രയുടെ ഭർത്താവ് സൂരജിനെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നുമാണ് വിവരം. ഭർത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടുത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെലും പൊലീസ് കസ്റ്റഡിലെടുത്തിരുന്നു.
വിവാഹത്തിെൻറ അടുത്തമാസം തന്നെ ഉദ്യോഗ സംബന്ധമായ ആവശ്യത്തിനെന്നു പറഞ്ഞ് തങ്ങളിൽനിന്ന് 50,000 രൂപ വാങ്ങിയെന്നും വിവാഹ സമയത്ത് നൽകിയ സ്വർണത്തിൽ ഇപ്പോൾ ഗണ്യമായ കുറവുണ്ടെന്നും ഉത്രയുടെ രക്ഷിതാക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഭർത്താവിെൻറ കുടുംബാംഗങ്ങൾ നിർബന്ധിപ്പിച്ച് കാറുകൾ വാങ്ങിയെടുത്തുവെന്നും ഒരു തവണ വീട്ടിനുള്ളിൽ കണ്ട വിഷപാമ്പിനെ സൂരജ് അനായാസേന പാട്ടിലാക്കിയെന്നും ഉത്രയുടെ രക്ഷാകർത്താക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതിനിടെ ഉത്രയുടെ ബാങ്ക് ലോക്കറിലായിരുന്ന സ്വർണം തിരികെയെടുത്തതും ശിശുക്ഷേമ സമിതി വഴി ഒന്നര വയസ്സുള്ള കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഉത്ര മരിച്ചു കിടക്കുന്നതുകണ്ട അമ്മയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങൾ ഓടിയെത്തിയെങ്കിലും മുറ്റത്ത് പല്ലുതേച്ച് നിൽക്കുകയായിരുന്ന സൂരജ് ഓടിയെത്താൻ കൂട്ടാക്കിയിരുന്നില്ല. ഇത് കുടുംബാംഗങ്ങളിൽ സംശയം ജനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.