കൊമ്പൻ കോന്നി സുരേന്ദ്രനെ തടഞ്ഞ കേസ്: അടൂർ പ്രകാശ് എം.പിയെ അടക്കം വെറുതെ വിട്ടു
text_fieldsകോന്നി: കോന്നി ആനത്താവളത്തിലെ സുരേന്ദ്രൻ എന്ന കൊമ്പൻ ആനയെ കുങ്കി പരിശീലനത്തിനായി തമിഴ്നാട് മുതുമലയിലേക്ക് മാറ്റുന്നത് തടഞ്ഞ കേസിൽ അടൂർ പ്രകാശ് എം.പിയടക്കം അഞ്ചുപേരെ കോടതി വെറുതെ വിട്ടു. 2018 ജൂൺ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
അന്ന് കോന്നി എം.എൽ.എയായിരുന്ന അടൂർ പ്രകാശ്, പ്രമാടം പഞ്ചായത്ത് മുൻ പ്രസിഡന്റ് റോബിൻ പീറ്റർ, കോന്നി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് പ്രവീൺ പ്ലാവിളയിൽ, സ്ഥിരം സമിതി അധ്യക്ഷ ദീനാമ്മ റോയ്, ആനക്കമ്പം സംഘടന പ്രവർത്തകൻ രാജേഷ് മഞ്ചള്ളൂർ തുടങ്ങിയവരെയാണ് പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
കോന്നി ആനത്താവളത്തിൽനിന്ന് കൊണ്ടുപോകുന്ന ആനകളെ തിരികെ ആനക്കൂട്ടിൽ എത്തിക്കുന്നില്ലെന്നും ആനത്താവളത്തെ തകർക്കാനാണ് ശ്രമിക്കുന്നത് എന്നും ആരോപിച്ചാണ് യു.ഡി.എഫ് ജനപ്രതിനിധികൾ ആനയെ കൊണ്ടുപോകുന്നത് തടഞ്ഞത്.
വനം വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആനയുടെ യാത്ര മുടങ്ങിയതിലെ ധനനഷ്ടവും ചേർത്താണ് വനംവകുപ്പ് കേസ് എടുത്തത്. കേസിൽ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.
സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിച്ചില്ല
കോന്നി: കുങ്കി പരിശീലനത്തിന് മുതുമലക്ക് കൊണ്ടുപോയ കോന്നി സുരേന്ദ്രൻ എന്ന ആനയെ ഇതുവരെയായും കോന്നി ആനത്താവളത്തിൽ തിരിച്ചെത്തിച്ചില്ല.
വൻ പ്രതിഷേധം 2018 ജൂൺ എട്ടിന് നടന്നെങ്കിലും ശക്തമായ സുരക്ഷയിൽ രണ്ട് ദിവസത്തിനുശേഷം ആനയെ കോന്നിയിൽനിന്ന് മുതുമലക്ക് കൊണ്ടുപോയി. കുങ്കി പരിശീലനത്തിനുശേഷം കോടനാട് ആനത്താവളത്തിലാണ് ആന ഇപ്പോഴുള്ളത്. സുരേന്ദ്രനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ കോന്നിയിൽ പല സമരങ്ങളും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.