കോന്നി ഇക്കോ ടൂറിസം വികസനം; രണ്ട് മാസത്തിനകം ആനസവാരി
text_fieldsകോന്നി: കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയാറാകുന്നു .ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി-അടവി-ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കും. ആനക്കൂട്ടില്‍ നിലവിൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം. ഇത് വൈകിട്ട് ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്ക്കും പരിശീലനം നല്കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്ന് ജംഗിള്‍ സഫാരിക്കായി ട്രക്കിങ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം കലക്ടറുടെ നേതൃത്വത്തില്‍ ചേരാൻ തീരുമാനിച്ചു.
അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കായി ആകര്‍ഷക ഗാര്ഡന്, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂള്, വാട്ടര്‍ കിയോസ്ക്, ജംഗിള്‍ ലോഡ്ജില്‍ ഡോര്‍മിറ്ററിയും മുറികളും, പാര്‍ക്കിങ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവ ക്രമീകരിക്കും.
അടവിയിലെ കൂടുതൽ ബാംബു ഹട്ടുകള്‍ നിര്‍മിക്കാനും നിലവിലുള്ള വിപുലീകരിക്കുന്നതിനും വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ കോന്നി ഡി.എഫ്.ഒക്ക് നിര്‍ദേശം നല്കി.
നിലവില്‍ മൂന്ന് ഹട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയായി. കലക്ടറുടെ നേതൃത്വത്തില്‍ ആര്‍ക്കിടെക്റ്റിനെ ചുമതലപ്പെടുത്തി അടവിയില്‍ ആന പുനരധിവാസ കേന്ദ്രം തയാറാക്കാന്‍ യോഗം തീരുമാനിച്ചു. ഗവിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്കായി കക്കിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ച് റസ്റ്റോറന്റ്, സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്, വാഷ് റൂം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു.
രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഗവിയിലേക്ക് എത്തുന്ന എല്ലാ സഞ്ചാരികള്‍ക്കും ആകര്‍ഷകമായ തരത്തില്‍ ചിലവഴിക്കുന്നതിന് ആങ്ങമൂഴിയെ ക്രമീകരിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, കൊല്ലം സി.സി.എഫ് കമലാഹാര്‍, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോറി, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. പവിത്രന്, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ്, ഗവി ഇക്കോ ടൂറിസം മാനേജര്‍ സാബു ആര്. ഉണ്ണിത്താന്, ടൂറിസം പ്രോജക്ട് എന്‍ജിനീയര്‍ വിനോദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ അജിത് കുമാര്‍, എസ് അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.