കൂടൽമാണിക്യം കഴകം നിയമനം: ഹരജി മേയ് ആറിലേക്ക് മാറ്റി
text_fieldsകൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി മേയ് ആറിന് പരിഗണിക്കാൻ മാറ്റി. ഒരാഴ്ചത്തേക്ക് നിയമനം തടഞ്ഞ ഇടക്കാല ഉത്തരവും നീട്ടിയിട്ടുണ്ട്. ഇക്കാലയളവിൽ നിയമനം നടത്തില്ലെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേവാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹരജിയാണ് ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സർക്കാറടക്കം എതിർകക്ഷികളോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്ക് രണ്ടാമനായ കെ.എസ്. അനുരാഗിനാണ് നിയമനം നൽകേണ്ടയിരുന്നത്. മാലകെട്ട് ആചാരത്തിന്‍റെ ഭാഗമായതിനാൽ മാലക്കഴകത്തിന് പാരമ്പര്യ അവകാശം ഉണ്ടെന്നും ഉത്സവത്തിന്‍റെ പേരിൽ ഉടൻ നിയമനം നടത്താൻ ദേവസ്വം ബോർഡിന് അനുമതി നൽകരുതെന്നും ഹരജിക്കാരൻ വാദിച്ചു. ഹരജിയിൽ കക്ഷിചേരാൻ ഉദ്യോഗാർഥിയായ അനുരാഗ് നൽകിയ അപേക്ഷ അനുവദിക്കരുതെന്നും നിയമനം തടഞ്ഞിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹരജിക്കാർ വ്യക്തമാക്കി. ക്ഷേത്രത്തിലെ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് തന്ത്രി കുടുംബം വാദിച്ചു. തന്ത്രിയുടെ പ്രതിനിധിയില്ലാതെയാണ് ദേവസ്വം ബോർഡ് കഴകം നിയമനം നടത്താൻ ശ്രമിക്കുന്നത്. ഇത് തെറ്റാണ്.
അതേസമയം, രണ്ട് കഴകം തസ്തികയാണ് ഉള്ളതെന്നും ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ദേവസ്വം നിയമനം നടത്തുന്നതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.