കൂടല്‍മാണിക്യം: ജാതി അധിക്ഷേപം ബോധ്യപ്പെട്ടാൽ നടപടിയെന്ന് ദേവസ്വം
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതീയ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാല്‍ ആരായാലും നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ സി.കെ. ഗോപി പറഞ്ഞു. കഴകം തസ്തികയിൽ നിയമിതനായ ബാലു അവധിയിലാണ്. തിരികെ പ്രവേശിക്കുമ്പോൾ എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോയെന്ന് രേഖാമൂലം വിശദീകരണം തേടും.
ക്ഷേത്രത്തിലെ ആരില്‍നിന്നെങ്കിലും ബുദ്ധിമുട്ട് നേരിട്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിയമിച്ച കഴകം തസ്തികയിൽതന്നെ ബാലുവിനെ നിയോഗിക്കണമെന്നാണ് ദേവസ്വത്തിന്‍റെ താല്‍പര്യം. അടുത്തയാഴ്ച ഭരണസമിതി യോഗം ചേരുന്നുണ്ട്. അതിൽ തീരുമാനമെടുക്കും. തന്ത്രിമാര്‍ക്കോ മറ്റുള്ളവര്‍ക്കോ എതിരഭിപ്രായമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴകം ജോലിക്കെത്തിയ ഈഴവ സമുദായാംഗത്തെ തന്ത്രിമാരുടെ സമ്മര്‍ദത്തെതുടര്‍ന്ന് ജോലിയില്‍നിന്ന് മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
ഈഴവ സമുദായാംഗത്തെ നിയമിച്ചതിൽ തന്ത്രിമാരിലും അനുകൂല നിലപാടുണ്ട്. പാരമ്പര്യ അവകാശികള്‍ കഴകത്തിന് തയാറാകാത്ത സാഹചര്യത്തില്‍ ഏത് ജാതിയിലുള്ളവര്‍ കഴകത്തിന് എത്തുന്നതിലും വിരോധമില്ലെന്ന് തൃപ്രയാര്‍ മനയിലെ അനിപ്രകാശ് പറഞ്ഞു. ആറ് തന്ത്രി കുടുംബങ്ങള്‍ക്കാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താന്ത്രികകര്‍മങ്ങള്‍ക്ക് അവകാശം.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണറും കൂടൽമാണിക്യം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി ര ണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.