കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട് പ്രത്യേക കോടതിയിൽ
text_fieldsകോഴിക്കോട്: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ മാറാട് കൂട്ടക്കൊലക്കേസുകൾക്കും ടി.പി. ചന്ദ്രശേഖരൻ വധക്കേസിനും ശേഷം കൂടത്തായി കൊലപാതക പരമ്പര കേസുകളും ഇനി എരഞ്ഞിപ്പാലത്തെ മാറാട് കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ വിചാരണ ചെയ്യും. കേസ് ഇപ്പോൾ പരിഗണിക്കുന്ന പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി വിചാരണ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടു.
ആറ് കൊലപാതകക്കേസുകളും ജോളി ജയിലിൽ ആത്മഹത്യശ്രമം നടത്തിയെന്ന മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിടുതൽ ഹരജി തള്ളിയതിനെതിരെ പ്രതിഭാഗം നൽകിയ പുനഃപരിശോധന ഹരജിയുമാണ് മാറ്റിയത്. എല്ലാ കേസും പ്രത്യേക കോടതി ആഗസ്റ്റ് 10ന് പരിഗണിക്കും. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനെ കൂടാതെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇ. സുഭാഷിനെക്കൂടി നിയമിക്കുകയും ചെയ്തു.
പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ബി.എ. ആളൂർ, അഡ്വ. ഹിജാസ് അഹമ്മദ് എന്നിവർ ഹാജരായി. പ്രത്യേക കോടതിയിലേക്ക് വന്നതോടെ കേസ് നടപടികൾ പെട്ടെന്ന് തീർപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച കേസ് പരിഗണിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് മാറ്റി ഉത്തരവിടുകയായിരുന്നു. 2020 ആഗസ്റ്റിൽ തുടങ്ങിയ വിചാരണ നടപടികൾ വിവിധ കാരണങ്ങളാൽ നീണ്ടു പോയി.
കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ
പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന് മുമ്പുള്ള വാദം കേൾക്കലാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) ആദ്യഭർത്താവ് റോയ് തോമസ് അടക്കം ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനക്ക് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ചത് 2020 ജനുവരി 25നാണ്. സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന സ്വർണപ്പണിക്കാരൻ പ്രജികുമാർ, ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്നിവരാണ് കേസിൽ മറ്റുപ്രതികൾ.
മാറാട് കൂട്ടക്കൊലക്കേസിന്റെ വിചാരണക്ക് തുടങ്ങിയ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് മാറാട് നടന്ന നിരവധി ആക്രമണക്കേസുകളും കൊലക്കേസുകളും 148 പ്രതികളുണ്ടായിരുന്ന രണ്ടാം മാറാട് കൂട്ടക്കൊലക്കേസും തീർപ്പാക്കിയത്. തുടർന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിന്റെ വിചാരണയും ഇവിടെയായിരുന്നു.
മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളുടെ വിചാരണയും കഴിഞ്ഞ കൊല്ലം എരഞ്ഞിപ്പാലം കോടതിയിൽ പൂർത്തിയാക്കി. രണ്ട് പേർക്കും ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. കേസുകളിലുള്ള അപ്പീലുകൾ മേൽകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.