കൂടത്തായി കൂട്ടക്കൊല: മൃതദേഹ സാമ്പിളുകളുടെ വിദേശ പരിശോധന ആലോചനയിൽ
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ നാല് മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യം കണ്ടെത്താൻ വീണ്ടും പരിശോധനക്കുള്ള സാധ്യത തേടും. മൃതദേഹ സാമ്പിളിൽ സയനൈഡിന്റെയോ മറ്റെന്തെങ്കിലും വിഷാംശത്തിന്റെയോ സാന്നിധ്യം ഇല്ലെന്ന് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് സയൻസ് ലാബ് അസി. ഡയറക്ടർ എസ്. സുധാകർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണിത്.
സയനൈഡിന്റെ അംശം കണ്ടെത്താനാവാത്തത് കേസിൽ പ്രോസിക്യൂഷന് വെല്ലുവിളിയാവുമെന്ന ആശങ്ക മുൻനിർത്തിയാണ് വിദേശ പരിശോധന പരിഗണിക്കുന്നത്. കൂടിയാലോചനക്കുശേഷമാവും ഇക്കാര്യത്തിൽ കോടതിയിൽ അപേക്ഷ നൽകുക. വിദേശത്ത് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാതിരിക്കുന്നത് വിചാരണവേളയിൽ പ്രതിഭാഗം മുതലെടുക്കുമെന്ന ആശങ്കയുമുണ്ട്. സയനൈഡ് ശരീരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ രൂപമാറ്റം സംഭവിക്കുമെന്നും മൃതദേഹം മണ്ണിൽ അഴുകുന്നതോടെ ഇതിന് ആക്കംകൂടുമെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന ഉപദേശം.
ശരീരത്തിലെത്തുന്ന സയനൈഡിന്റെ രാസപരിണാമം കരളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ബയോമാർക്കറിന്റെ പരിശോധനയിലൂടെ മനസ്സിലാക്കാമെന്ന് അമേരിക്കൻ സർവകലാശാല നേരത്തെ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് എത്രകാലംവരെ നിലനിൽക്കുമെന്നതിൽ വ്യക്തതയില്ല. ഇത്തരത്തിലുള്ള വിദേശ പഠനങ്ങളും സാധ്യതകളുമെല്ലാം പരിശോധിച്ചാവും വീണ്ടുമൊരു പരിശോധനക്ക് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകുക.
അതിനിടെ, ഒന്നാംപ്രതി ജോളി കൊലക്കുപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് എത്തിച്ചത് കോയമ്പത്തൂരിൽനിന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തി.ജോളിക്ക് സയനൈഡ് നൽകിയത് രണ്ടാംപ്രതി എം.എസ്. മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് സ്വർണപ്പണിക്കാരനും മൂന്നാംപ്രതിയുമായ പ്രജികുമാറിൽനിന്നും. കോയമ്പത്തൂരിലെ സത്യനാണ് തനിക്ക് സയനൈഡ് നൽകിയതെന്നായിരുന്നു പ്രജികുമാറിന്റെ മൊഴി. സയനൈഡ് കൈവശം സൂക്ഷിക്കാൻ ലൈസൻസുള്ള ഇയാൾ നേരത്തെ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.