കൂടത്തായി കൊലപാതകങ്ങൾ നടന്നത് യു.ഡി.എഫ് ഭരണകാലത്ത് -എം.വി. ജയരാജൻ
text_fieldsതിരുവമ്പാടി: കൂടത്തായി കൊലപാതകങ്ങളെല്ലാം നടന്നത് സംസ്ഥാനത്ത് യു.ഡി.എഫ് ഭരണം നിലവിലുള്ളപ്പോഴാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ. തിരുവമ്പാടിയിൽ മുൻ എം.എൽ.എ അഡ്വ. മത്തായി ചാക്കോ ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലകൾ നടന്നത് ഇടതു ഭരണകാലത്തായിരുന്നുവെങ്കിൽ ചാനലുകളിലെ അന്തി ചർച്ചക്കാർ ഇടതുപക്ഷത്തെ വെറുതെ വിടുമായിരുന്നില്ല. കൂടത്തായി പ്രതികളെ പിടികൂടാനായത് ഇടത് ഭരണത്തിെൻറ നേട്ടമാണ്. നടിയെ ആക്രമിച്ച കേസ്, കെവിൻ വധം, ബിഷപ് ഫ്രാങ്കോ കേസ് തുടങ്ങിയവയിൽ നേരന്വേഷണം നടത്താനും ഇടത് സർക്കാറിനായി. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നതിന് തെളിവാണ് പാലാരിവട്ടം പാലം അഴിമതിയിൽ സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആൾക്കൂട്ട കൊലകൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്കാരിക പ്രവർത്തകരെ രാജ്യദ്രോഹികളാക്കുന്ന ഭരണകൂടമാണ് രാജ്യത്തുള്ളത്. വ്യാപക പ്രതിഷേധമുയർന്നപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് പിൻവലിച്ചത്. കശ്മീരിെൻറ പ്രത്യേക പദവി ഒഴിവാക്കിയത് ആർ.എസ്.എസിെൻറ മുസ്ലിം വിരോധത്തിന് തെളിവാണ്. കശ്മീരിന് പുറമെ പത്തു സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നിലവിലുണ്ട്. ആ സംസ്ഥാനങ്ങളുടെ പദവി ഒഴിവാക്കിയിട്ടില്ലെന്ന് എം.വി. ജയരാജൻ പ്രതികരിച്ചു.
ഫസൽ വധക്കേസിൽ പുനരന്വേഷണം നടത്തണം - എം.വി. ജയരാജൻ
കോഴിക്കോട്: ഫസൽ വധക്കേസിൽ സി.ബി.ഐ പുനരന്വേഷണം നടത്തി യഥാർഥ പ്രതികളെ കണ്ടെത്തണമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. നിരപരാധികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും വിട്ടയക്കണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൊഴിയൂർ കേസിലെ സമാനസ്ഥിതിയാണ് ഫസൽവധക്കേസിലും. നിരപരാധികളെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആർ.എസ്.എസാണ് ഫസൽ വധത്തിെൻറ പിന്നിലെന്ന് മറ്റൊരു കേസ് അന്വേഷണത്തിെൻറ ഭാഗമായി പൊലീസിനോട് ആർ.എസ്.എസ് പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് പൊലീസ് സി.ബി.ഐയെ അറിയിച്ചെങ്കിലും പുനരന്വേഷണം നടത്തിയില്ല. കാരായി രാജനും ചന്ദ്രശേഖരനും നീതി നിഷേധിക്കപ്പെടുകയാണ്. നിയമ വിദഗ്ധർ തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനകീയ കോടതിയിലാണ് ഇനി വിശ്വാസം. ജാമ്യവ്യവസ്ഥയുടെ പേരിൽ എട്ടുവർഷമായി ഇവർക്ക് നാട്ടിലും വീട്ടിലും എത്താൻ സാധിക്കുന്നില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.