ജോളിയുടെ നാട്ടിൽ പരിശോധന; നിർണായക സൂചന
text_fieldsകൂടത്തായിൽനിന്ന് ഭൂരേഖകൾ കടത്തിക്കൊണ്ടു വന്നതായി സഹോദരെൻറ മൊഴി •ജ്യോത്സ്യനെ ചോദ്യം ചെയ്തു; മാതാപിതാക്കളുടെ മൊഴിയെടുത്തു
കട്ടപ്പന: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ചിന് മുഖ്യപ്രതി ജോളിയുടെ ജന്മനാടായ കട്ടപ്പനയിൽനിന്ന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന.
ജോളിയുടെ മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്, പഠിച്ചിരുന്ന നെടുങ്കണ്ടം എം.ഇ.എസ് കോളജ്, വാഴവരയിലെ പഴയ തറവാട് വീട് എന്നിവിടങ്ങളിലാണ് പൊലീസ് സംഘമെത്തിയത്. കട്ടപ്പനയിലെ ജ്യോത്സൻ കൃഷ്ണകുമാറിനെയും ചോദ്യംചെയ്തു. റോയിയുടെ കുടുംബസ്വത്തിെൻറ ആധാരം, വ്യാജ ഒസ്യത്ത് സംബന്ധിച്ച രേഖകൾ എന്നിവ ബന്ധുക്കൾ കട്ടപ്പനയിലേക്ക് കടത്തിയതടക്കം കേസിന് സഹായകമായ ഒട്ടേറെ നിർണായക വിവരങ്ങൾ മൊഴിയെടുപ്പിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
സംഘാംഗങ്ങൾ രണ്ട് വിഭാഗമായി തിരിഞ്ഞായിരുന്നു പരിശോധന. ഒരുവിഭാഗം കട്ടപ്പനയിലെ കുടുംബവീട്ടിലും ജ്യോത്സ്യെൻറ വീട്ടിലും പരിശോധന നടത്തി മൊഴി എടുത്തപ്പോൾ മറ്റൊരു വിഭാഗം വാഴവരയിലെ തറവാട്ടുവീട്ടിലും ജോളി പഠിച്ചിരുന്ന നെടുങ്കണ്ടം എം.ഇ.എസ് കോളജിലും എത്തി വിവരം ശേഖരിച്ചു.
കട്ടപ്പനയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ജോളിയുടെ മാതാപിതാക്കളും സഹോദരന്മാരും വിശദമായ മൊഴി നൽകി. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ ബിനീഷ് കുമാർ, മോഹനകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വലിയകണ്ടത്ത് ജോളിയുടെ മാതാപിതാക്കളും ഭിന്നശേഷിക്കാരിയായ സഹോദരിയും താമസിക്കുന്ന കട്ടപ്പനയിലെ വീട്ടിലെത്തിയത്. ജോളിയുടെ പിതാവ് ജോസഫ്, മാതാവ്, സഹോദരന്മാരായ ജോസ്, ബാബു, നിബിൻ എന്നിവരിൽനിന്നാണ് മൊഴി രേഖപ്പെടുത്തിയത്.
റോയിയുടെ മരണശേഷം സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായപ്പോൾ മാതാപിതാക്കളും സഹോദരനും കൂടത്തായിൽ എത്തിയിരുന്നു. ഇവർ തിരിച്ച് പോന്നപ്പോൾ രേഖകൾ കടത്തിക്കൊണ്ടു പോന്നതായി ഒരു സഹോദരൻതന്നെ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. മൊഴിയെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. രഹസ്യമായായിരുന്നു സംഘത്തിെൻറ സന്ദർശനവും മൊഴിയെടുപ്പും.
തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനെ മാത്രം സാക്ഷിയായി വീട്ടിൽ വിളിച്ചുവരുത്തി. തുടർന്ന് സംഘാംഗങ്ങൾ കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാറിെൻറ വീട്ടിലെത്തി അയാളെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. മരണസമയത്ത് ജോളിയുടെ ആദ്യ ഭർത്താവ് റോയി ധരിച്ചിരുന്ന ഏലസ് നൽകിയതാണോ എന്ന ചോദ്യത്തിന് ഓർമയില്ലെന്നായിരുന്നു ജ്യോത്സ്യെൻറ മറുപടി. ഒപ്പം ഭസ്മം നൽകിയിരുന്നോയെന്നും തിരക്കി. ഏലസ് കണ്ടാൽ അത് താൻ നൽകിയതാണോയെന്ന് പറയാനാകുമെന്ന് ജ്യോത്സ്യൻ മൊഴി നൽകി.
എന്നാൽ റോയിയോ, ജോളിയോ ഇവിടെ എത്തിയിരുന്നോ എന്ന കാര്യം ഓർക്കുന്നില്ലെന്നും പറഞ്ഞു. ജ്യോത്സ്യെൻറ വീട്ടിലും പൂജാമുറിയിലും പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. വാഴവരയിലും നെടുങ്കണ്ടത്തെ കോളജിലും എത്തിയ സംഘം ജോളിയുടെ ചെറുപ്പക്കാലം, വിദ്യാഭ്യാസം, വിവാഹം തുടങ്ങി എല്ലാ വിവരങ്ങളും അയൽവാസികളിൽനിന്നും കോളജ് അധികൃതരിൽനിന്നും വിശദമായി ചോദിച്ച് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.