കൂടത്തായി കേസ്: ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി
text_fieldsകൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിൽ ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ് ഫോറൻസിക് ലാബിൽ നിന്നും ഇനിയും ഹാജരാക്കാൻ പ്രോസ്യുക്യൂഷനായിട്ടില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജോളി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ ഹൈകോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുമ്പോൾ സെഷൻസ് കോടതിക്ക് നീതിപൂർവമായ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയിലാണ് നടക്കുന്നത്.
കോഴിക്കോട് കൂടത്തായിയിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ജോളി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവർ കൊല്ലപ്പട്ടത്. 2019 ജൂലൈയിലാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.