കൂടത്തായി കൂട്ടക്കൊല കേസ്: മൂന്നാം പ്രതിയുടെ ഭാര്യ കൂറുമാറി
text_fieldsകോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. അറുപതാം സാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയിൽ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിൽനിന്ന് പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു.
രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും അറസ്റ്റിനു ശേഷം പൊലീസ് പ്രജികുമാറിനെയുമായി വന്നപ്പോൾ താൻ നൽകിയ താക്കോൽ ഉപയോഗിച്ച് കട തുറന്ന് പ്രജികുമാർ സയനൈഡ് എടുത്ത് പൊലീസിന് നൽകിയിരുന്നു എന്നുമായിരുന്നു ശരണ്യയുടെ മൊഴിയായി പൊലീസ് നേരത്തേ രേഖപ്പെടുത്തിയത്.
പ്രജികുമാറിന്റെ കടയിൽനിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ പരിശോധനപ്പട്ടികയിൽ സാക്ഷിയായിരുന്നു ശരണ്യ. കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷനു വേണ്ടിയുള്ള ക്രോസ് വിസ്താരത്തിൽ പരിശോധനപ്പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചു.
അന്വേഷണ സംഘത്തിൽ അംഗമായ കണ്ണൂർ ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ 150ാം സാക്ഷി എ.പി. വിനീഷ് കുമാറിനെയും കോടതിയിൽ വിസ്തരിച്ചു.
ഒന്നാംപ്രതി ജോളിയുടെ ഇടുക്കി ജില്ലയിലെ തറവാട്ടു വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും ജോളി പഠിച്ച വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽനിന്ന് അഡ്മിഷൻ രജിസ്റ്ററും ടി.സി കൗണ്ടർഫോയിലും ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചു എന്നും വിനീഷ് കുമാർ മൊഴി നൽകി. ജോളി ബി.എഡിന് പഠിച്ചിട്ടുണ്ടോ എന്നറിയാൻ പാലാ സെൻറ് തോമസ് ടീച്ചേഴ്സ് എജുക്കേഷൻ കോളജിൽ പോയി അന്വേഷണം നടത്തി എന്നും ജോളി ജോസഫ് എന്ന വിദ്യാർഥി ആ കോളജിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അതു സംബന്ധിച്ച് പ്രിൻസിപ്പലിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും സാക്ഷി മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. അന്വേഷണ സംഘത്തിലെ അംഗമായിരുന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. ബിജുവിനെ വ്യാഴാഴ്ച കോടതിയിൽ വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.