കൂടത്തായി കൂട്ടക്കൊല: വസ്തുതർക്കത്തെപ്പറ്റി പ്രതി പറഞ്ഞ അറിവ് മാത്രമെന്ന് സാക്ഷി
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിൽ എട്ടാം സാക്ഷി വി.എ. ജോൺസന്റെ എതിർവിസ്താരം മാറാട് പ്രത്യേക അസി. സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുമ്പാകെ പൂർത്തിയായി. ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ എതിർവിസ്താരം നടത്തി.
പൊന്നാമറ്റം തറവാട്ടിലെ വസ്തുതർക്കം സംബന്ധിച്ച് ജോളി പറഞ്ഞ അറിവ് മാത്രമേയുള്ളൂവെന്നും ജോളി ആവശ്യപ്പെട്ടതനുസരിച്ച് സ്വർണാഭരണങ്ങൾ പണയംവെച്ച് പണം എത്തിച്ചുകൊടുത്തിരുന്നുവെന്നും പണയം വെച്ചതും തിരിച്ചെടുത്തതുമായ സ്വർണാഭരണങ്ങൾ പിന്നീട് പൊലീസിനെ ഏല്പിച്ചുവെന്നും ജോൺസൺ മൊഴിനൽകി.
പൊന്നാമറ്റത്തെ വസ്തു കൈവശപ്പെടുത്താനാണ് താൻ ജോളിയുമായി അടുപ്പം സ്ഥാപിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം ജോൺസൺ നിഷേധിച്ചു. റോയ് തോമസിന്റെ സഹോദരങ്ങളുടെ താൽപര്യപ്രകാരം കളവായി മൊഴികൊടുക്കുകയാണെന്ന പ്രതിഭാഗം വാദവും ജോൺസൺ നിഷേധിച്ചു. ആദ്യവിസ്താരത്തിൽ നൽകിയ മൊഴിയിൽ ജോൺസൺ ഉറച്ചുനിന്നു. ജോളി ആവശ്യപ്പെട്ടതനുസരിച്ച് 2019 ഒക്ടോബർ രണ്ടിന് പൊന്നാമറ്റത്ത് വീട്ടിൽ ചെന്നില്ലെന്നും ജോളി കുറ്റസമ്മതം നടത്തിയില്ലെന്നുമുള്ള വാദം ജോൺസൺ നിഷേധിച്ചു.
വേദപുസ്തകത്തിലെ 10 കല്പനകൾ അറിയാമെന്നും ജോളിയുമായുള്ള സൗഹൃദം രണ്ടുപേരുടെയും താൽപര്യമനുസരിച്ച് മാത്രമായിരുന്നുവെന്നും ജോൺസൺ മൊഴിനൽകി.
ജോളിയെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് വരുതിയിലാക്കിയതെന്നും ജോളിയുടെ അഭിഭാഷകൻ പറഞ്ഞപ്പോൾ ജോൺസൺ നിഷേധിച്ചു. പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നില്ലെന്നും ജോളി ആവശ്യപ്പെട്ട് നാട്ടിൽ വന്നത് ലീവ് എടുത്തിട്ടാണെന്നും ജോൺസൺ മൊഴിനൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. റോയ് തോമസ് വധക്കേസിലെ സാക്ഷിവിസ്താരം തിങ്കളാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു കേസുകൾ കോടതി ജൂലൈ ഒന്നിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.