കുടത്തായി കൂട്ടക്കൊല: വിടുതൽ ഹരജി തള്ളിയതിനെതിരെ ജോളി ഹൈകോടതിയിൽ
text_fieldsകോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ ആദ്യ ഭർത്താവ് റോയ് തോമസ് വധക്കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യ പ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെ (48) ഹരജി തള്ളിയ മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ ജില്ല സെഷൻസ് കോടതി എസ്.ആർ. ശ്യാംലാലിന്റെ വിധിക്കെതിരെ ജോളി ഹൈകോടതിയെ സമീപിച്ചു. മരണശേഷം വളരെ കാലത്തിന് ശേഷമെടുത്ത കേസിന് ശാസ്ത്രീയമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്നും സാമ്പത്തിക പ്രശ്നങ്ങളുടെ പേരിലുണ്ടായ കേസാണെന്നും മറ്റുമുള്ള വാദം തള്ളിയായിരുന്നു കോടതി ഉത്തരവ്.
പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കേസ് ശനിയാഴ്ച പരിഗണിക്കവേ അഡ്വ. ബി.എ. ആളൂർ മുഖേന ഹൈകോടതിയിൽ റിവിഷൻ ഹരജി നൽകിയതിനാൽ സമയം നീട്ടിനൽകണമെന്ന് അഭിഭാഷകൻ അഡ്വ. ഹിജാസ് അഹമ്മദ് പ്രത്യേക കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കേസ് വീണ്ടും പരിഗണിക്കാൻ ജനുവരി നാലിലേക്ക് മാറ്റി.
കൂട്ടക്കൊലയിൽ മറ്റ് കേസുകൾ 26ന് പരിഗണിക്കും. മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ കൂടുതൽ ഫോറൻസിക് പരിശോധന ഫലങ്ങൾ കാത്തിരിക്കുകയാണ് മറ്റ് കേസുകളിൽ. മൊത്തം ആറ് കേസുകളിൽ റോയ് തോമസ് വധക്കേസിലാണ് വാദം പൂർത്തിയായി കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ ശനിയാഴ്ച പരിഗണിച്ചത്.
ജോളി ജില്ല ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.