കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങൾ: കാര്യസ്ഥനെ പ്രതിചേർത്തേക്കും
text_fieldsതിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്ന കരമന കൂടത്തിൽ ഉമാമന്ദിരത്തിലെ ദുരൂഹമരണങ്ങളെ സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലേക്ക്. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴികൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് ഇദ്ദേഹത്തെ പ്രതിയാക്കുന്നത് പരിഗണനയിലാണ്. കൂടത്തിൽ കുടുംബത്തിലെ കോടികളുടെ സ്വത്ത് കൈമാറ്റത്തെക്കുറിച്ചും അവസാനത്തെ അംഗമായിരുന്ന ജയമാധവൻ നായരുടെ മരണത്തെക്കുറിച്ചുമുള്ള നിർണായകമായ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. ഉമാമന്ദിരത്തിെൻറ സ്വത്തുക്കളുടെ വിൽപനയും നിർമാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് നഗരസഭക്കും രജിസ്ട്രേഷന് വകുപ്പിനും ജില്ല ക്രൈംബ്രാഞ്ച് കത്ത് നൽകി.
ഉമാമന്ദിരത്തിൽ നടന്ന അഞ്ച് മരണങ്ങളെ സംബന്ധിച്ചാണ് ദുരൂഹതയുള്ളത്. ഇതിൽ അവസാനത്തെ അവകാശിയായിരുന്ന ജയമാധവൻ നായർ മരിച്ചത് 2017 ഏപ്രിൽ രണ്ടിനാണ്. ഇതിന് മുമ്പുതന്നെ കോടികളുടെ സ്വത്തുക്കൾ സംബന്ധിച്ച് വിൽപത്രം തയാറാക്കിയതായി രവീന്ദ്രൻ നായർ പൊലീസിന് മൊഴി നൽകിയിരുന്നു. രാവിലെ ആറരയോടെ കൂടത്തിൽ വീട്ടിൽ തറയിൽ വീണുകിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കണ്ടെതെന്നായിരുന്നു രവീന്ദ്രൻ നായരുടെ മൊഴി. ആശുപത്രിയിലെത്തുമ്പോഴേക്കും ജയമാധവൻ നായർ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ട ജയമാധവൻ നായരെ ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് രവീന്ദ്രൻനായർ പൊലീസിനോട് പറഞ്ഞിരുന്നത്. ഓട്ടോ ഡ്രൈവർ അന്വേഷണസംഘത്തിന് മുന്നിൽ ഇത് നിഷേധിക്കുകയായിരുന്നു.
ജയമാധവൻ നായർ മരിക്കുന്നതിന് മുമ്പ് വീട്ടിൽെവച്ച് വിൽപത്രം തയാറാക്കി എന്ന രവീന്ദ്രൻ നായരുടെ മൊഴിയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിൽപത്രത്തിൽ ഒപ്പിട്ട സാക്ഷി സ്വന്തം വീട്ടിൽെവച്ചാണ് വിൽപത്രത്തിൽ ഒപ്പിട്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. രവീന്ദ്രൻ നായരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം വന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ജയമാധവൻ നായരുടെ സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ഗൂഢാലോചനയിൽ ഇവരുടെ ചില അകന്ന ബന്ധുക്കൾക്കും പങ്കുണ്ടോയെന്നും ജില്ല ക്രൈംബ്രാഞ്ച് എ.സി സുൽഫിക്കറിെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. ഉമാമന്ദിരത്തിലെ കോടികളുടെ സ്വത്തിൽ നല്ലൊരു പങ്ക് രവീന്ദ്രൻനായർക്കാണ് ലഭിച്ചത്. പരാതികളും കേസുകളും ഒഴിവാക്കാൻ കുടുംബവുമായി അകന്ന ബന്ധമുള്ളവർക്കും സ്വത്തിെൻറ വിഹിതം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.