കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
text_fieldsകോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ 56ാം സാക്ഷിയും ഒന്നാംപ്രതി ജോളി തോമസിന്റെ ഭർത്താവുമായ ഷാജു സക്കറിയയുടെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാർ മുമ്പാകെ പൂർത്തിയായി. ഒന്നാം പ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂർ സാക്ഷിയെ രണ്ട് ദിവസങ്ങളിലായി എതിർ വിസ്താരം നടത്തി. പ്രോസിക്യൂഷന്റെ ആദ്യ വിസ്താരത്തിൽ നൽകിയ മൊഴിയിൽ ഷാജു സക്കറിയ ഉറച്ചുനിന്നു.
കൂടത്തായി പൊന്നാമറ്റം വീട്ടിലെയും മറ്റും കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന കാര്യം ജോളി തന്നോട് സമ്മതിച്ചിരുന്നതായി ഷാജു സക്കറിയ മൊഴി നൽകി. ജോളിയുടെ കൂടെ വക്കീൽ ഓഫിസിൽ താനും പോയിരുന്നുവെങ്കിലും താൻ പുറത്തിരിക്കുകയായിരുന്നുവെന്ന് സാക്ഷി മൊഴി നൽകി. തന്നെയും പിതാവിനെയും കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ സ്വന്തം ഭാര്യക്കെതിരെ തെളിവ് കൊടുക്കുന്നതെന്ന് പ്രതിഭാഗത്തിന്റെ വാദം ഷാജു സക്കറിയ നിഷേധിച്ചു. ജോളിക്കെതിരെ താൻ വിവാഹമോചനത്തിനായി കോഴിക്കോട് കുടുംബകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നൽകി. താൻ ജോളിയെ വിവാഹം കഴിച്ചശേഷവും ജോൺസൺ എന്ന ആൾ ജോളിയെ കാണാൻ ഇടക്കിടെ വരാറുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴിനൽകി. തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മജിസ്ട്രേറ്റ് മുമ്പാകെ താൻ മൊഴി നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥനോടും ഇക്കാര്യങ്ങൾ പറഞ്ഞുവെന്നും ഷാജു സക്കറിയ മൊഴി നൽകി. ജോളി എൻ.ഐ.ടിയിൽവെച്ച് എടുത്ത ഫോട്ടോകൾ തനിക്ക് അയച്ചുതന്നതും ഒരു മാർക്ക് ലിസ്റ്റിന്റെ കോപ്പിയും താൻ പൊലീസിന് ഹാജരാക്കി കൊടുത്തിരുന്നു.
ജോളി അറസ്റ്റിലായതിനുശേഷം താൻ തന്റെ സ്വന്തം വീട്ടിലേക്ക് പോയെന്നും സാക്ഷി മൊഴി നൽകി. ജോളിയുടെ സഹോദരൻ ടോമി ജോസഫ്, ഫാദർ ജോസഫ് എടപ്പാടി എന്നിവരെ ആഗസ്റ്റ് 12ന് കോടതി വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.