കൂളിമാട് പാലം: നഷ്ടം കരാർ കമ്പനി വഹിക്കണം
text_fieldsതിരുവനന്തപുരം: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നുണ്ടായ നഷ്ടം കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി വഹിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. പി.ഡബ്ല്യു.ഡി വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ എക്സി. എൻജിനീയർക്കും അസി.എൻജിനീയർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇതിനായി മരാമത്ത് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
മെക്കാനിക്കൽ വീഴ്ചയാണുണ്ടായതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കമ്പനിക്ക് കർശന നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണി പുനരാരംഭിക്കുംമുമ്പ് എല്ലാ സുരക്ഷ സംവിധാനങ്ങളും ഒരുക്കണം.
മാനുഷികപിഴവോ ജാക്കിയുടെ തകരാറോ ആണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് കൂടുതൽ വ്യക്തത തേടി മടക്കിയിരുന്നു. അപകടകാരണം എന്തെന്ന് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് റിപ്പോർട്ട് മടക്കിയത്.
നിർമാണത്തിനിടെ കഴിഞ്ഞമാസമാണ് കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നത്. 25 കോടി രൂപ ചെലവഴിച്ച് 309 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായ ഘട്ടത്തിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.