പുഷ്പനില്ലാത്ത ആദ്യത്തെ കൂത്തുപറമ്പ് രക്തസാക്ഷി ദിനം
text_fieldsകോഴിക്കോട്: പുഷ്പനില്ലാത്ത ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. 1994 നവംബർ 25നു കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു . ഇതാണ്, കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. അന്ന്, പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ സ്വാശ്രയ വത്കരണത്തെ എതിർത്തുകൊണ്ടുള്ള സമരമാണ് നടന്നത്.
അഞ്ചുപേരാണന്ന് കൊല്ലപ്പെട്ടത്. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവരാണത്. വെടിയേറ്റ് 30 വർഷം ശയ്യാവലംബിയായി ജീവിച്ച പുഷ്പൻ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിടവാങ്ങിയത്. പുഷ്പന് യാത്രാമൊഴിയേകാൻ കൂത്തുപറമ്പിൽ ഒരുക്കിയ ചിത്രപ്രദർശനത്തിൽ മധുവിനും റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും ഒപ്പം പുഷ്പന്റെ കൂടി ചിത്രം ഉൾപ്പെടുത്തി പുതിയ രക്തസാക്ഷി പട്ടികയാണിപ്പോഴുള്ളത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിൽ പൊലീസുദ്യോഗസ്ഥർക്കെതിരേയും സമരം നടത്തിയവർക്കെതിരേയും കേസുകളുണ്ടായി. സംഭവത്തെത്തുടർന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ കീഴ്ക്കോടതി നടപടിയെടുത്തു. എന്നാൽ, പ്രോസിക്യൂഷന് മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി കേസ് നടപടികൾ റദ്ദാക്കുകയുണ്ടായി. 1995-ൽ പൊലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നാണ് കേസെടുക്കാനുള്ള നടപടിയുണ്ടായത്.
ഇതെപ്പറ്റി അന്വേഷിക്കാൻ ഇടതുമുന്നണി സർക്കാർ നിയമിച്ച പത്മനാഭൻ കമ്മീഷൻ 1997-ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡി.വൈ.എസ്.പി. അബ്ദുൾ ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖർ എന്നിവരും കുറ്റക്കാരായിരുന്നു. ഇവരെ പ്രതി ചേർത്ത് പുതിയൊരു എഫ്.ഐ.ആർ. ഫയൽ ചെയ്യപ്പെടുകയുണ്ടായി. ഈ കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ പ്രതികളുടെ ഹർജിയെത്തുടർന്ന് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി . ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും 2006-ൽ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളാക്കിയിരുന്നു
സമരം നടത്തിയവർക്കെതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 353 പ്രകാരമുള്ള കേസ് എം.വി. രാഘവനെ കൊല്ലാൻ ശ്രമിച്ചു എന്നതാണ്. ഈ കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു. ക്രൈം നമ്പർ 354 പ്രകാരമുള്ള കേസിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചു എന്ന കേസിൽ ആയിരത്തോളം പേർ പ്രതികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.