പീഡനം: ഫാ. റോബിൻ വടക്കുഞ്ചേരിയുടെ ശിക്ഷ 10 വർഷമാക്കി
text_fieldsകൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ വിചാരണക്കോടതി പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിക്ക് വിധിച്ച 20 വർഷത്തെ കഠിനതടവ് ഹൈകോടതി 10 വർഷമാക്കി. 2016ൽ കൊട്ടിയൂരിൽ പള്ളി വികാരിയായിരിക്കെ 17കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ കണ്ണൂർ പോക്സോ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി ശിക്ഷ വെട്ടിച്ചുരുക്കിയത്.
സംഭവത്തെത്തുടർന്ന് അറസ്റ്റിലായ റോബിനെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 376 (2) (എഫ്) പ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയായിരുന്നു 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈകോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ നിയമപ്രകാരമുള്ള രേഖകൾ ഹാജരാക്കിയില്ലെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധമെന്നും പ്രതി വാദിച്ചു. പെൺകുട്ടി 1997ലാണ് ജനിച്ചതെന്ന് മാതാപിതാക്കൾ കോടതിയിൽ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. 1999 ലാണ് പെൺകുട്ടി ജനിച്ചതെന്നും സംഭവം നടക്കുമ്പോൾ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും തെളിയിക്കാൻ പ്രോസിക്യൂഷൻ ജനന രജിസ്റ്ററിെൻറ പകർപ്പ് ഉൾപ്പെടെ ഹാജരാക്കി. ഇത് പരിശോധിച്ച ഹൈകോടതി പ്രതിയുടെ വാദങ്ങൾ തള്ളി.
പെൺകുട്ടിയും മാതാപിതാക്കളും വിചാരണവേളയിൽ കൂറുമാറിയതും കണക്കിലെടുത്തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും വ്യക്തമാക്കി. പക്ഷേ ശിക്ഷ വിധിച്ചതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇത് ഭേദഗതി ചെയ്തു 10വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാക്കുകയായിരുന്നു.
ശിക്ഷയിൽ മാറ്റം വന്നത് ഇങ്ങനെ
ഐ.പി.സി സെക്ഷൻ 376 (2) (എഫ്) പ്രകാരം രക്ഷിതാവോ ബന്ധുവോ അധ്യാപകനോ പെൺകുട്ടിക്ക് വിശ്വാസവും പെൺകുട്ടിയിൽ അധികാരമുള്ളതുമായ വ്യക്തിയോ പീഡിപ്പിച്ചാലുള്ള ശിക്ഷ കണക്കാക്കിയാണ് വിചാരണക്കോടതി 20 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.
എന്നാൽ, പ്രതി പള്ളി വികാരിയാണെന്ന കാരണത്താൽ പെൺകുട്ടിക്ക് വിശ്വാസമോ പെൺകുട്ടിയിൽ അധികാരമോ ഉള്ളയാളോ ആണെന്ന് പറയാനാകില്ല. ആ നിലക്ക് കുറ്റം നിലനിൽക്കില്ല. പകരം പീഡന കുറ്റത്തെക്കുറിച്ച് പറയുന്ന ഐ.പി.സി സെക്ഷൻ 376 (1) ആണ് ബാധകമാകുക.
2019ൽ നിയമഭേദഗതി വരുന്നതിനുമുമ്പ് 10വർഷമായിരുന്നു കുറഞ്ഞ ശിക്ഷ. അതാണ് പരിഗണിക്കേണ്ടത്. പോക്സോ നിയമത്തിലെ സെക്ഷൻ 42 അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ കൂടിയ ശിക്ഷയാണ് ബാധകമാക്കേണ്ടത്. ആ നിലക്ക് പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.