കൊരണപ്പാറ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
text_fieldsനാദാപുരം: കരിങ്ങാട് കൊരണപ്പാറ വനത്തിൽ പാറയിടുക്കിൽ അകപ്പെട്ട മൂന്നു യുവാക്കളെ ഫയർഫോഴ്സും നാട്ടുകാരും രക്ഷപ്പെടുത്തി. കക്കട്ട് സ്വദേശികളായ പാണ്ടുംപാറേമ്മൽ സാംരംഗ്, കേളംകണ്ടി നിധിൻ, ആയനിക്കുന്നുമ്മൽ നിധിൻ ലാൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് വനത്തിലേക്ക് കയറിയ യുവാക്കളാണ് വഴിയറിയാതെ വനത്തിനകത്ത് ഒരുരാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാക്കൾ ക്വാറൻറീൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയോടെയാണ് ബൈക്കിൽ വനത്തോടു ചേർന്ന ഭാഗത്ത് എത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ നാട്ടുകാർ ഇവരെ വനത്തിൽ കയറുന്നത് തടഞ്ഞ് തിരിച്ചയക്കുകയുണ്ടായി.
നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവർ വൈകീട്ട് മറ്റൊരു വഴിയിലൂടെ വനത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. നേരം വൈകിയതോടെ കോടമഞ്ഞും ഇരുട്ടും ആയതിനാൽ തിരിച്ചിറങ്ങാൻ കഴിയാതെ വനത്തിലകപ്പെട്ട ഇവർ ടോർച്ച് വെളിച്ചം കാണിച്ചതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. നാദാപുരം അഗ്നിശമനസേനയും വനംവകുപ്പും നാട്ടുകാരും രാത്രിയിൽ ഇവരെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും പുലർച്ച മൂന്നു മണിയോടെ കനത്ത മഴയിൽ തിരച്ചിൽ നിർത്തിവെച്ചു. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ നാട്ടുകാരും അഗ്നിശമനസേനയും രണ്ടു സംഘങ്ങളായി നടത്തിയ തിരച്ചിലിൽ ഏഴു മണിക്ക് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അനുമതിയില്ലാതെ വനത്തിൽ കയറിയ ഇവരെ അഗ്നിശമനസേന വനംവകുപ്പ് ഫോറസ്റ്റർ പി. ഇബ്രാഹിമിെൻറ നേതൃത്വത്തിലുള്ള സ്ക്വാഡിന് കൈമാറി.
കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. വനത്തിൽ അതിക്രമിച്ചുകയറിയതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാദാപുരം അഗ്നിശമനസേന അസി. സ്റ്റേഷൻ ഓഫിസർ കെ.സി. സുജേഷ് കുമാർ, റെസ്ക്യൂ ഓഫിസർമാരായ കെ. അനിൽ, ഒ. അനീഷ്, കെ. ഷാഗിൽ, കെ.പി. ശ്രീനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.