കെ.എസ്.ഇ.ബിയുടെ വിലപിടിപ്പുള്ള സാമഗ്രികൾ പാതയോരത്ത്
text_fieldsഒറ്റപ്പാലം: വൈദ്യുതി വകുപ്പിന്റെ വിലപിടിപ്പുള്ള സാധന സാമഗ്രികൾ സൂക്ഷിക്കാൻ സൗകര്യമില്ലാതെ കോതകുറുശ്ശി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് പ്രതിസന്ധിയിൽ. അടച്ചുറപ്പുള്ള സ്വന്തം യാർഡിന്റെ അഭാവത്തിൽ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയോരത്താണ് നിലവിൽ സാധനങ്ങളുടെ സൂക്ഷിപ്പ്. സൂക്ഷിപ്പ് സുരക്ഷിതമല്ലാത്തത് മോഷ്ടാക്കൾക്കും അനുഗ്രഹമായി. ഏതാനും ദിവസം മുമ്പ് മൂന്ന് ചാക്ക് അലുമിനിയം കമ്പികൾ വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് വരോട് സ്വദേശികളെ ഒറ്റപ്പാലം പൊലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ അലുമിനിയം കമ്പികൾ കോതകുർശ്ശി സെക്ഷൻ ഓഫിസിന്റെ പാതയോരത്ത് സൂക്ഷിച്ചിടത്തുനിന്ന് മോഷ്ടിച്ചതായാണ് കണ്ടെത്തിയത്.
പാതയോരത്ത് കൂട്ടിയിട്ട നിലയിലുള്ള സാധനങ്ങൾ മോഷ്ടിക്കാൻ അതിസാഹസികതയൊന്നും ആവശ്യമില്ലാത്ത അവസ്ഥയാണ്. നേരത്തെ കോതകുർശ്ശി സെന്ററിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫിസ് അഞ്ച് വർഷം മുമ്പാണ് ചേറമ്പറ്റക്കാവ് റോഡിന് സമീപമുള്ള വാടക കെട്ടിടത്തിലേക്ക് മാറിയത്. പഴയതും പുതിയതുമായ ഇരുമ്പ്, അലുമിനിയം സാധനങ്ങളാണ് ശേഖരത്തിലുള്ളത്.
ഇവയിൽ ഉപയോഗത്തിനുള്ളതും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതും ഉൾപ്പെടും. ഇതിന് കാവലായി ഒരു നിരീക്ഷണ ക്യാമറ മാത്രമാണുള്ളതെന്നാണ് വിവരം. പഴയ കമ്പികൾ ലോഡ് ആകുന്ന മുറക്ക് ഷൊർണൂർ സബ് റീജനൽ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. അതുവരെ സാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് ഓഫിസിന് വെല്ലുവിളിയാണ്. 110 കെ.വി സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.