പ്രതിഷേധ കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും സ്റ്റേഷനിൽ ഹാജരായില്ല
text_fieldsകോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തോടനുബന്ധിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മാത്യു കുഴൽനാടൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും പൊലീസ് സ്‌റ്റേഷനിൽ ഹാജരായില്ല. എം.എൽ.എക്ക് മുൻ നിശ്ചയിച്ച പരിപാടികളും ഡി.സി.സി പ്രസിഡന്‍റിന് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന പൊലീസിൽ അപേക്ഷ നൽകുകയായിരുന്നു.
ഇഞ്ചത്തൊട്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെത്തുടർന്ന് കോതമംഗലത്തുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നൽകിയത്. അറസ്‌റ്റിലായ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതോടെയാണ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹാജരാകുന്ന ദിവസം തീരുമാനിച്ച് വീണ്ടും നോട്ടീസ് നൽകും.
അതേസമയം, കേസിൽ എട്ടുപേർ കൂടി വ്യാഴാഴ്ച അറസ്‌റ്റിലായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷെമീർ പനയ്ക്കൽ, ഭാരവാഹികളായ എൽദോസ് കീച്ചേരി, പി.ടി. ഷിബി, എ.ജി. അനൂപ്, പരീത് പട്ടമ്മാവുടി, അജീബ് ഇരമല്ലൂർ, സലിം മംഗലപ്പാറ, പി.കെ. അനൂപ് എന്നിവരാണ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. തിങ്കളാഴ്‌ച വീണ്ടും ഹാജരാകണം എന്ന വ്യവസ്ഥയിൽ ഇവർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ അറസ്‌റ്റിലായവർ 25 പേരായി.
ചൊവ്വാഴ്ച റിമാൻഡിലായ കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ, കോൺഗ്രസ് നേര്യമംഗലം മണ്ഡലം പ്രസിഡന്‍റ് ജെയ്മോൻ ജോസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.