മഴയറിയാം, മനംനിറക്കാം; ഏറുമാടം റെഡി
text_fieldsകോട്ടക്കൽ: പ്രകൃതിയുടെ മനോഹാരിതയിൽ, മഴയറിഞ്ഞ്, മനംനിറഞ്ഞ് ഒഴിവുസമയം ആസ്വദിക്കാൻ ഏറുമാടം ഒരുക്കി യുവാവ്. എടരിക്കോട്ടെ പൂവ്വഞ്ചേരി സൈഫുദ്ദീനാണ് ലോക്ഡൗൺ കാലത്ത് വ്യത്യസ്തമായ പരീക്ഷണത്തിന് തയാറായത്. കാടുകളിൽ കാണുന്ന തരത്തിലാണ് വീടിന് പിറകിലുള്ള സ്ഥലത്ത് ഏറുമാടം ഒരുക്കിയത്. പത്തടി ഉയരത്തിൽ മുളയും കയറും ഉപയോഗിച്ചാണ് നിർമാണം. മട്ടുപ്പാവടക്കം 17 അടിയോളം ഉയരമാണുള്ളത്.
മുളകൊണ്ട് തന്നെയാണ് കോണിയും മേൽക്കൂരയും. കുട്ടികളടക്കം പത്തോളം പേർക്ക് ഇരിക്കാനും കിടക്കാനും സൗകര്യമുണ്ട്. രാത്രി വെളിച്ചത്തിന് റാന്തൽ വിളക്കുകളും സജ്ജമാണ്. വൻമരങ്ങളുടെ ഉറപ്പുള്ള ശിഖരങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കിയാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. സ്വന്തം പറമ്പിലെ മുള വെട്ടിയായിരുന്നു തുടക്കം.
മക്കളുടെയും സഹോദരങ്ങളുടെയും സഹായത്താൽ പത്ത് മുളകൊണ്ട് 30 ദിവസത്തിനുള്ളിലാണ് നിർമാണം പൂർത്തിയാക്കിയത്. വിനോദസഞ്ചാര മേഖലകളിൽ സജീവമായിരുന്ന സൈഫുദ്ദീൻ ട്രക്കിങ്, കയാക്കിങ് വിദഗ്ധനാണ്. പ്രളയത്തിൽ കയാക്കിങ് സംവിധാനത്തിലൂടെ രക്ഷാപ്രവർത്തനത്തിന് മുൻനിരയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.