കൊട്ടക്കമ്പൂർ: രാഷ്ട്രീയ വൈര്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇടത് എം.പി ജോയ്‌സ് ജോർജ് ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈകോടതിയുടെ സുപ്രധാന പരാമർശം. രാഷ്ട്രീയവൈര്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈകോടതി വ്യക്തമാക്കി. ജോയ്‌സ് ജോർജിനെതിരെ കോൺഗ്രസ് പ്രവർത്തകർ മുകേഷ് മോഹനും എൻ.കെ. ബിജുവും നൽകിയ ഹരജിയാണ് കോടതി പരാമർശത്തിന് വഴിവെച്ചത്.
ഭൂമി ജോയ്‌സിന്‍റെ കുടുംബത്തിന് കൈമാറിയവരുടെ പവർ ഓഫ് അറ്റോർണി സ്വന്തം ഇഷ്ടപ്രകാരം കൊടുത്തതല്ലേ എന്ന് കോടതി ചോദിച്ചു. കോടതിയുടെ ചോദ്യത്തിന് പവർ ഓഫ് അറ്റോർണി യാഥാർഥമെന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി. വിദഗ്ധ പരിശോധനയിലും ഇത് ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഭൂമി എഴുതി നൽകിയവർ ഇതുവരെ ഒരു പരാതിയും നൽകിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഭൂമി നൽകിയതെന്ന് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.
സർക്കാർ വാദത്തിനു പിന്നാലെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈകോടതി പരാമർശം ഉണ്ടായത്. കേരള പൊലീസ് ഏങ്ങനെ അന്വേഷിക്കുന്നുവെന്ന് നോക്കട്ടെയെന്നും എന്നിട്ടുമതി സി.ബി.ഐ എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുഴുവൻ സി.ഡിയും ഹാജരാക്കാൻ കോടതി നിർദേശം നൽകി. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.