കോട്ടക്കലിൽ മിനി ലോറിയിൽ കടത്തിയ 1.5 കോടി പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsകോട്ടക്കൽ (മലപ്പുറം): പച്ചക്കറിയുമായി അതിർത്തി കടന്നെത്തിയ മിനിലോറി പരിശോധിച്ച പൊലീസ് പിടിച്ചെടുത്തത് രേഖകളില്ലാത്ത ഒന്നരക്കോടിയിലധികം രൂപ.
സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്്റ്റിൽ. കരിങ്കപ്പാറ ഓമച്ചപ്പുഴ സ്വദേശി മേനാട്ടിൽ അഷ്റഫ് (38), കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് സ്വദേശി നമ്പിയാടത്ത് അബ്ദുൽ റഹ്മാൻ (36) എന്നിവരാണ് കോട്ടക്കലിൽ അറസ്റ്റിലായത്. മിനിലോറിയിലെ പ്രത്യേക അറയിൽനിന്ന് 1,53,50,000 രൂപയാണ് കണ്ടെടുത്തത്.
തെരഞ്ഞെടുപ്പിെൻറ ഭാഗമായി പണം കടത്ത് തടയാൻ രൂപവത്കരിച്ച സ്ക്വാഡാണ് പണം പിടികൂടിയത്. ഞായറാഴ്ച പുലർച്ച മൂേന്നാടെ പെരിന്തൽമണ്ണ ഭാഗത്തുനിന്ന് എത്തിയ മിനിലോറി പുത്തൂർ ബൈപാസ് റോഡ് ജങ്ഷനിൽ പൊലീസ് തടയുകയായിരുന്നു.
പ്ലാസ്റ്റിക് കാലി കവറുകൾ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
പരിശോധനയിൽ വാഹനത്തിെൻറ മുൻവശത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച പണം കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മറ്റൊരാൾ കൈമാറിയ പണമാണിതെന്നാണ് യുവാക്കളുടെ മൊഴി.
കോട്ടക്കൽ ബി.എച്ച് റോഡിൽ സ്വർണക്കച്ചവടം നടത്തുന്ന സിദ്ദീഖ് എന്നയാളുടെ നിർദേശപ്രകാരമാണ് പണം എത്തിച്ചതെന്നും യുവാവക്കൾ മൊഴി നൽകിയിട്ടുണ്ട്.
പണം കോടതിക്ക് കൈമാറി. മലപ്പുറം ഡിവൈ.എസ്.പി കെ. സുദർശൻ, സി.ഐ എം. സുജിത്ത്, എസ്.ഐ അജിത്, ഗ്രേഡ് എസ്.ഐ സുഗീഷ്, എ.എസ്.ഐ രചീന്ദ്രൻ, പൊലീസുകാരായ സജി അലക്സാണ്ടർ, ശരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.