എല്ലാം ദൈവാനുഗ്രഹം –പി.കെ. വാര്യർ
text_fieldsകോട്ടക്കൽ: പതിവ് ദിനചര്യകൾ തെറ്റാതെയുള്ള ദിവസം തന്നെയായിരുന്നു പിറന്നാൾ ദിനമായ വ്യാഴാഴ്ചയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാര്യരുടേത്. ഇടവത്തിലെ കാർത്തിക നാളിൽ തൊണ്ണൂറ്റിയാറാം പിറന്നാൾ ആഘോഷമാക്കി മക്കളും മരുമക്കളും പേരക്കുട്ടികളും കൈലാസമന്ദിരത്തെ മധുരതരമാക്കി. അമ്മാവൻ പി.എസ്. വാര്യരുടെ സമാധിയിൽ വിളക്ക് വെച്ച ശേഷം വിശ്വംഭര ക്ഷേത്രത്തിൽ പ്രാർഥനയും വഴിപാടും കഴിച്ച് പതിവുപോലെ രോഗികളുടെയടുത്തേക്ക്.
തിരിച്ച് വീട്ടിലേക്ക് പന്ത്രണ്ടരയോടെ എത്തുമ്പോഴേക്കും പിറന്നാൾ സദ്യവട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അകത്തളത്തിൽ ഊണുമേശയിലെ തൂശനിലയിൽ എല്ലാ പിറന്നാൾ ദിനത്തിലേയും പോലെ സഹോദരിപുത്രി സരസ്വതി എസ്. വാര്യർ സദ്യ വിളമ്പി. രണ്ടുതരം പായസവും പപ്പടവും മാമ്പഴ പുളിശ്ശേരിയും കൂട്ടി വിഭവസമൃദ്ധമായ സദ്യ. മരുമകളുടെ ഭർത്താവ് യു.ഇ. വാര്യർ, ജനറൽ മാനേജർ കെ.എസ്. മണി എന്നിവരോടൊപ്പമാണ് സദ്യ കഴിച്ചത്.
മക്കളായ കെ. ബാലചന്ദ്രനും സുഭദ്ര രാമചന്ദ്രനും വാര്യർക്കൊപ്പമുണ്ടായിരുന്നു. ഡോ. പി.എം. വാര്യർ, ഡോ. കെ. മുരളീധരൻ, ഡോ. പി. ബാലചന്ദ്രൻ, ജസ്റ്റിസ് ആർ. ബസന്ത് എന്നിവരും ആശംസിക്കാൻ എത്തിയിരുന്നു. എല്ലാം ഈശ്വരാനുഗ്രഹം എന്നായിരുന്നു പി.കെ. വാര്യരുടെ മറുപടി.
പി.കെ. വാര്യരുടെ പ്രിയശിഷ്യനും ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ എഴുതിയ പുസ്തകം ഗുരുദക്ഷിണയായി നൽകിയതും പിറന്നാളിനെ കൂടുതൽ മധുരമാക്കി. ‘ആയുർവേദം: അറിവും അനുഭവവും’ എന്ന പേരിലുള്ള പുസ്തകം എം.ടി. വാസുദേവൻ നായരാണ് പ്രകാശനം െചയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.