നാടൻപാട്ടിൽ ‘പെൻഷനാകാതെ’ കോട്ടക്കൽ ഭാസ്കരൻ
text_fieldsനരിക്കുനി: 26 വർഷം നീണ്ട എക്സൈസ് വകുപ്പിലെ ജോലിയിൽനിന്നും 2012ൽ വിരമിച്ചെങ്കിലും പുന്നശ്ശേരിയിലെ കോട്ടക്കൽ ഭാസ്കരന് വീട്ടിലിരുന്ന് വിശ്രമജീവിതം നയിക്കാനായിരുന്നില്ല ആഗ്രഹം. മറിച്ച് തലമുറകളായി പകർന്നുകിട്ടിയ നാടൻപാട്ട് മേഖലയിൽ കൂടുതൽ സജീവമാവുകയായിരുന്നു ആ കലാകാരന്റെ തീരുമാനം. അന്യം നിന്നുപോകുന്ന നാടൻപാട്ട് എന്ന കലയെ കൈപിടിച്ചു കയറ്റാനും ഒട്ടനവധി കലാകാരന്മാർക്ക് പരിശീലനം നൽകാനും ഇദ്ദേഹത്തിനായിട്ടുണ്ട്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നാടൻപാട്ട് പരിശീലന പരിപാടികൾക്കും ക്യാമ്പുകൾക്കും നേതൃത്വം നൽകുന്നുണ്ട് 67കാരനായ ഭാസ്കരൻ.
നാടൻപാട്ട് പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടുപൊലിമ എന്ന നാടൻപാട്ട് സംഘത്തിനും നേതൃത്വം നൽകുന്നു. ഒക്ടോബറിൽ ലോക റെക്കോഡ് ലക്ഷ്യമിട്ട് നാട്ടുകലാകാര കൂട്ടം, ഉണർവ് നാടൻ കലാപഠന കേന്ദ്രം, ഫോക് ലോർ അക്കാദമി എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ‘അറബുട്ടാളു’ എന്ന തുടിക്കളി അവതരണത്തിൽ പങ്കാളിയായിട്ടുണ്ട്. ഉത്തരമേഖല നാടൻ കലാമേളയിൽ ഗുരു ആർ.എൻ. പീറ്റക്കണ്ടിയോടൊപ്പം കോൽക്കളി വേദി പങ്കിടാനും സാധിച്ചു.
നാടൻപാട്ടിലെ സംഭാവനകൾക്ക് 2018ൽ കേരള സംസ്ഥാന ഫോക് ലോർ അക്കാദമി ആദരിച്ചിരുന്നു. 2021ൽ ഫോക് ലോർ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസറായി സർവിസിലുണ്ടായിരുന്ന കാലത്ത് കേസ് എളുപ്പത്തിൽ കണ്ടുപിടിക്കാൻ തുള്ളൽ രൂപത്തിൽ ‘മഹസ്സർ എഴുത്ത്’ എന്ന പേരിൽ പുസ്തകവും എഴുതിയിട്ടുണ്ട്. നിലവിൽ പെൻഷൻകാർക്കായി കോൽക്കളി പരിശീലനത്തിന് നേതൃത്വം നൽകുന്നുണ്ട്. തുടിവാദനം, ഓട്ടൻതുള്ളൽ, കവിത രചന എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
പെൻഷൻകാരുടെ സംഘടനയായ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറിയും ജില്ല സാംസ്കാരിക വേദി കൺവീനറും കൂടിയാണ് ഈ കലാകാരൻ. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും നിലവിലുള്ള പെൻഷൻകാർക്ക് ലഭിക്കുന്നില്ലെന്നും ഈ രണ്ട് ആനുകൂല്യവും ലഭിക്കാതെ നിരവധി പെൻഷൻകാർ ഇതിനകം മരണപ്പെട്ടതായും ഇദ്ദേഹം പറയുന്നു. ബേബിലതയാണ് ഭാര്യ. അർജുൻ, കലാഭവൻ മണി പുരസ്കാരം നേടിയ അമിത്ത്, അഭയ് കൃഷ്ണ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.