കോട്ടക്കൽ നഗരസഭ: വിമത നീക്കത്തിലൂടെ ജയിച്ച അധ്യക്ഷയും ഉപാധ്യക്ഷനും രാജിവെച്ചു
text_fieldsകോട്ടക്കൽ: വിമതനീക്കത്താല്‍ മുസ്‍ലിം ലീഗിന് നാണക്കേട് തീര്‍ത്ത കോട്ടക്കലില്‍ സി.പി.എം പിന്തുണയോടെ മത്സരിച്ച് വിജയിച്ച ചെയര്‍പേഴ്‌സൻ മുഹ്സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പി.പി. ഉമ്മറും തല്‍സ്ഥാനങ്ങളില്‍നിന്ന് രാജിവെച്ചു. നഗരസഭ സെക്രട്ടറി ആര്‍. കുമാര്‍ രാജി സ്വീകരിച്ചു. ഇവര്‍ക്കൊപ്പമുള്ള സ്ഥിരം സമിതി അധ്യക്ഷ പുതുക്കിടി മറിയാമുവും രാജി നല്‍കി.
മറുവിഭാഗത്തിലെ സ്ഥിരം സമിതി അധ്യക്ഷന്മാരായ ആലമ്പാട്ടില്‍ റസാഖ് ഒഴികെയുള്ള പി.ടി. അബ്ദു, പറൊളി റംല എന്നിവരും രാജിവെച്ചിട്ടുണ്ട്. നിലവിലെ വികസന സ്ഥിരം സമിതി അധ്യക്ഷ ഡോ. ഹനീഷ ഒഴികെയുള്ള മുഴുവന്‍ അധ്യക്ഷന്മാരോടും രാജിവെക്കാന്‍ സംസ്ഥാന നേതൃത്വം നിർദേശം നല്‍കിയിരുന്നു. രാവിലെയാണ് ചെയര്‍പേഴ്‌സൻ അടക്കമുള്ളവര്‍ രാജി സമര്‍പ്പിച്ചത്. മറ്റുള്ളവര്‍ വൈകീട്ടും രാജിക്കത്ത് നല്‍കി.
ഡോ. ഹനീഷ, ചെരട മുഹമ്മദലി എന്നിവരെ പുതിയ സാരഥികളാക്കാനാണ് മുസ്‍ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസില്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം. വിഭാഗീയത അതിരുകടന്നതോടെയാണ് കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്‍ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത്.
അതേസമയം, സി.പി.എമ്മിന്റെ പിന്തുണയോടെ ഭരണം അട്ടിമറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ മറുഭാഗം കടുത്ത അതൃപ്തിയിലാണ്. നേരത്തെ തീരുമാനിച്ച സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കാനുള്ള നീക്കത്തിൽ സ്വന്തം സ്ഥാനങ്ങളും കൈവിട്ടുപോയതിന്റെ ക്ഷീണത്തിലാണ് ഇവര്‍. നിലവില്‍ മുതിര്‍ന്ന നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിക്കാണ് കോട്ടക്കലിന്റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.