കോട്ടക്കുന്നിൽ ഇനി നടക്കാം
text_fieldsമലപ്പുറം: ഒടുവിൽ കോട്ടക്കുന്ന് പാർക്ക് പ്രഭാതസവാരിക്കാർക്ക് തുറന്നുകൊടുക്കാൻ തീരുമാനം. ബുധനാഴ്ച മുതലാണ് കോവിഡ് മാനദണ്ഡപ്രകാരം പാർക്കിൽ പ്രഭാതസവാരിക്കാര്‍ക്കായി പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുലർച്ച അഞ്ചു മുതൽ രാവിലെ എട്ടുവരെയാണ് പാർക്കിലേക്ക് പ്രവേശനം. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. ഒരുകവാടത്തിലൂടെ മാത്രമേ പാർക്കിലേക്ക് പ്രവേശനം അനുവദിക്കൂ. രാവിലെ ആറിന് കലക്ടർ കെ. ഗോപാലകൃഷ്ണൻ എത്തിയാണ് പാർക്ക് തുറന്നുകൊടുക്കുക.
സവാരിക്കായി എത്തുന്നവർക്ക് പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തണം. പാര്‍ക്കിനകത്ത് കൂട്ടംകൂടല്‍, സംഘടനാപ്രവര്‍ത്തനം എന്നിവ അനുവദിക്കില്ല. പ്രഭാതസവാരിയല്ലാതെ മറ്റ് വിനോദങ്ങള്‍ക്ക് അനുവാദമില്ല. സവാരിക്കാര്‍ സ്ഥലത്തെ രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും വിലക്കുണ്ട്. അംഗീകരിച്ച പാസുകള്‍ നിര്‍ബന്ധമായും ആളുകള്‍ കൈയില്‍ കരുതണം. സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. പാര്‍ക്കിലേക്ക് ഭക്ഷണസാധനം കൊണ്ടുവരുന്നതിനും മാലിന്യം വലിച്ചെറിയുന്നതിലും നിയന്ത്രണമുണ്ട്. 200 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പനി, ജലദോഷം, മറ്റ് കോവിഡ് ലക്ഷണങ്ങളുള്ളവർ പ്രവേശിക്കരുതെന്നുമാണ് അധികൃതരുടെ നിര്‍ദേശം.
എട്ട് മാസങ്ങള്‍ക്ക് ശേഷം അടച്ചിട്ട പാര്‍ക്ക് നേരത്തെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. എന്നാല്‍, പ്രഭാതസവാരിക്ക് എത്തുന്നവര്‍ക്ക് തുറക്കുന്നകാര്യത്തില്‍ ഡി.ടി.പി.സിയുടെ തീരുമാനം നീളുകയായിരുന്നു. ഇക്കാര്യത്തില്‍ നിരവധി പരാതിയാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നത്. മലപ്പുറത്തേയും പരിസര പ്രദേശങ്ങളിലേയും നിരവധിയാളുകള്‍ പ്രഭാതസവാരിക്കായി കോട്ടക്കുന്ന് പാര്‍ക്കിനെ ആശ്രയിച്ചിരുന്നു. പാര്‍ക്ക് അടച്ചിട്ടതിനാല്‍ തിരക്കുപിടിച്ച റോഡുകളിലുള്ള പ്രഭാതസവാരിക്കാരുടെ ആധിക്യം വാഹന യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കാൻ മലപ്പുറം നഗരസഭ അധികൃതര്‍ കലക്ടറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകൂടി പരിഗണിച്ചാണ് പാര്‍ക്ക് പ്രഭാതസവാരിക്കാർക്കായി തുറക്കാന്‍ അനുമതിനല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.