കാടുവെട്ടി വൃത്തിയാക്കി; കോട്ടപ്പടി മാർക്കറ്റ് കെട്ടിട നിർമാണം പുനരാരംഭത്തിലേക്ക്
text_fieldsമലപ്പുറം: കോട്ടപ്പടി മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി നിർമാണ സ്ഥലത്തെ കാട് കരാറുകാരന്റെ നേതൃത്വത്തിൽ വെട്ടി തെളിച്ച് വൃത്തിയാക്കി. വരുന്ന ദിവസങ്ങളിൽ പ്രവൃത്തികൾ പൂർണത്തിൽ പുനരാരംഭിക്കും. ഒരു വർഷവും എട്ട് മാസങ്ങൾക്കും ശേഷമാണ് നിർത്തിവെച്ച പണി പുനരാരംഭിക്കാൻ പോകുന്നത്. 2022 ഫെബ്രുവരിയിലാണ് കരാറുകാരൻ പ്രവൃത്തി നിർത്തിയത്. നഗരസഭ കേരള അര്‍ബണ്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെ.യു.ആര്.ഡി.എഫ്.സി) നിന്ന് വായ്പയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുന്‍ ഭരണസമിതി 2020 സെപ്തംബര്‍ എട്ടിനാണ് പദ്ധതിക്ക് ശിലയിട്ടത്. തുടര്‍ന്ന് പുതിയ ഭരണസമിതി വന്നതോടെ 2021 ജനുവരി ഒന്നിന് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും നടത്തി.
2021 മാര്‍ച്ചില്‍ പണി തുടങ്ങി. നിലവില്‍ 50 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12.85 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
ഏകദേശം 2.5 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കെ.യു.ആര്.ഡി.എഫ്.സിയിൽ നിന്ന് വായ്പയായി ലഭിച്ച 1.5 കോടി രൂപ കരാറുകാരന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു.
നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നൽകാൻ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ തുക ഉടൻ തന്നെ കരാറുകാരന് കൈമാറുമെന്നും അധ്യക്ഷൻ അറിയിച്ചു. കെട്ടിടത്തിൽ ഒന്നാം നിലയില്‍ 43 കടമുറികളുണ്ടാകും. രണ്ടാം നിലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഓഫീസുകള്‍ക്കും വ്യാപാര കേന്ദ്രങ്ങള്‍ക്കും അനുയോജ്യമായ രീതിയിലായിരുക്കും കെട്ടിടത്തിന്റെ നിര്‍മാണം. മുകളിലും താഴത്തെ നിലയിലും പാര്‍ക്കിങ് സൗകര്യമുണ്ടാകും.
150 ഓളം വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ ഇതുവഴി സാധിക്കും. ലിഫ്റ്റ് ഉപയോഗിച്ചായിരിക്കും വാഹനങ്ങള്‍ മുകളിലെ നിലയിലേക്ക് എത്തിക്കുക. കൂടാതെ മാലിന്യ സംസ്കരണ പ്ലാന്റ്, മിനി ഗാര്ഡന്, തുടങ്ങിയ സംവിധാനവും കെട്ടിടം വിഭാവനം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷ്യന്മാര്ക്കും വിവിധ സൗകര്യങ്ങോട് കൂടിയ ശുചിമുറികളും കെട്ടിടത്തില്‍ സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.