Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടാരക്കര താലൂക്ക് :...

കൊട്ടാരക്കര താലൂക്ക് : തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡ്രൈവർ എന്നിവരെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
കൊട്ടാരക്കര താലൂക്ക് : തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡ്രൈവർ എന്നിവരെ സസ്പെൻഡ് ചെയ്തു
cancel

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് തഹസിൽദാർ എം.കെ അജികമാർ, ഡെപ്യൂട്ടി തഹസിൽദാർ (ഇൻസ്പെക്ഷൻ) വി. അനിൽകുമാർ, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന ടി. മനോജ് എന്നിവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഈ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വിജിലൻസ് വകുപ്പിന്റെ അന്വേഷണത്തിനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിട്ടു.

താൽക്കാലിക അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്കിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മനോജ് എന്ന വ്യക്തിയെ അടിയന്തരമായി ജോലിയിൽ നിന്നും നീക്കം ചെയ്യണം. മനോജിന്റെ വാഹനം താലൂക്കിലെ ആവശ്യങ്ങൾക്കായി വാടകക്ക് നൽകിയിരിക്കുകയാണെങ്കിൽ അടിയന്തരമായി ഈ വാടകക്കരാർ റദ്ദാക്കുവാനും കൊല്ലം കലക്ടർക്ക് നിർദേശം നൽകി.

നിരവധി ക്വാറികളുള്ള കൊട്ടാരക്കര താലൂക്കിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ക്വാറിക്ക് വേണ്ടി പോലും വില പേശുന്ന തരത്തിൽ ആഴത്തിലുള്ളതാണ് ഇവിടത്തെ അഴിമതിയെന്ന് വ്യക്തമായി. മെയ് അഞ്ചിനാണ് കൊട്ടാരക്കര താലൂക്ക് ഓഫീസിലും പരിസരത്തും അന്വേഷണം നടത്തയത്.

താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട പൊതുജനങ്ങളിൽ നിന്നുമുള്ള വിവര ശേഖരണത്തിൽ നിന്നും ഈ ഓഫീസ് കേന്ദ്രീകരിച്ച് ക്വാറി, മണ്ണ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വൻ തുകകളുടെ ക്രയവിക്രയം നടക്കുന്നതായി വ്യക്തമായി. താലൂക്ക് തഹസിൽദാർ എം.കെ. അജികുമാറിന്റെ നിർദേശപ്രകാരം പണം പിരിച്ചു നൽകുന്നത് താൽക്കാലികാടിസ്ഥാനത്തിൽ ഈ ഓഫീസിൽ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന മനോജ് ആണെന്ന് കണ്ടെത്തി.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്കില കുമ്മിൾ വില്ലേജിലുള്ള ക്വാറി വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുടെ ഏജന്റ് എന്ന വ്യാജേന റവന്യൂ (സി ആർഡ് ഡി.എ) അണ്ടർ സെക്രട്ടറി തഹസിൽദാറെ സമീപിച്ചു. ക്വാറി വാങ്ങുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. എല്ലാവരെയും സഹായിക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും പണം വാങ്ങാറുണ്ടെന്നും തഹസിൽദാർ അജികുമാർ മറുപടി നൽകി. കാര്യങ്ങൾ കൂടുതൽ വിശദമാക്കുന്നതിനും ഇരുപക്ഷത്തിനും സ്വീകാര്യമായ തീർപ്പിലെത്തുന്നതിനും യഥാർഥ ഉടമയുമായി നേരിട്ട് സംസാരിക്കാൻ താൽപര്യമുണ്ടെന്നും തഹസിൽദാർ അറിയിച്ചു. ഡ്രൈവർ മനോജ് സൂചിപ്പിച്ച തുകയുടെ കാര്യം പരാമർശിച്ചപ്പോൾ അതൊക്കെ വൈകീട്ട് മനോജിനെ വിളിച്ച് ഉറപ്പിക്കാനാണ് തഹസിൽദാർ നിർദേശിച്ചത്.

വാങ്ങാനുദ്ദേശിക്കുന്ന ക്വാറിയുടെ കരം അടച്ച രസീത് തനിക്ക് വാട്‌സാപ്പ് ചെയ്തു തന്നാൽ വിശദവിവരങ്ങൾ അറിയിക്കാമെന്ന് റവന്യൂ അണ്ടർ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ പറഞ്ഞു. നിലവിൽ ചില കേസുകളും എതിർപ്പുകളുമുള്ള ക്വാറിയാണ് ഇതെങ്കിലും പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അതിന് എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്നും ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു. തുകയുടെ കാര്യവും മറ്റും തഹസിൽദാരുമായി സംസാരിക്കുമ്പോൾ ഡെപ്യൂട്ടി തഹസിൽദാർ ഒപ്പമുണ്ടായിരുന്നു.

തഹസിൽദാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മനോജ് ഏജന്റ്റിനെ (അണ്ടർ സെക്രട്ടറിയെ) ഫോണിൽ വിളിച്ച് തുകയുടെ വിശദാംശങ്ങൾ വ്യക്തമാക്കി. ക്വാറി തുടങ്ങുന്നതിന് തഹസിൽദാർക്ക് ഏഴര ലക്ഷം രൂപയും ഡെപ്യൂട്ടി തഹസിൽദാർ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് രണ്ടര ലക്ഷം രൂപയും ചേർത്ത് ആകെ പത്ത് ലക്ഷം രൂപ നൽകണമെന്നും മനോജ് ഫോണിലൂടെ അറിയിച്ചു. വില്ലേജ് ജീവനക്കാർക്ക് നൽകേണ്ട ചെറിയ തുക ഇതിന് പുറമെയാണെന്നും അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ രാത്രിയോടെ തഹസിൽദാറെ വീണ്ടും ഫോണിൽ വിളിച്ചു. മനോജ് പറഞ്ഞ തുകയുടെ കണക്ക് തനിക്കറിയില്ലെന്നും എന്നാൽ താൻ വിഷയത്തിൽ സഹായിക്കാമെന്നും ക്വാറി വാങ്ങാനുദ്ദേശിക്കുന്ന ആളെ ജൂൺ മൂന്നിന് നേരിൽ കാണാൻ തയാറാണെന്നും തഹസിൽദാർ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി വീണ്ടും ഡ്രൈവർ മനോജിനെ ഫോണിൽ വിളിച്ചു. താൻ തഹസിൽദാറുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞ തുക കൊണ്ടു വന്നാൽ താലൂക്കിൽ ക്വാറി പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച ഫയൽ നീക്കത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും മനോജ് വ്യക്തമാക്കി. തഹസിൽദാർ നേരിട്ട് പണം വാങ്ങില്ലെന്നും താൻ വഴിയാണ് എല്ലാ ഇടപാടുകളെന്നും മനോജ് അറിയിച്ചു.

പണം കൈമാറുന്നതിന് സി.സി.ടി.വി ഇല്ലാത്ത ചില പ്രത്യേക സ്ഥലങ്ങൾ തന്റെ വീടിന് സമീപത്തായി ഉണ്ടെന്നും അതുകൊണ്ട് തഹസിൽദാർക്കും പണം നൽകുന്നവർക്കും എല്ലാം സുരക്ഷിതമായിരിക്കുമെന്നും മനോജ് ഉറപ്പ് നൽകി. ഇത് ക്വാറി തുടങ്ങാനുള്ള തുക മാത്രമാണെന്നും പ്രവർത്തനം തുടങ്ങിയാൽ പ്രതിമാസം ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ തഹസിൽദാർക്ക് എത്തിക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.

താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മനോജ് എന്ന ഡ്രൈവർക്ക് പുറമെ വകുപ്പിലെ സ്ഥിരം ജീവനക്കാരനായ ടി. മനോജ് എന്ന ഡ്രൈവർ തഹസിൽദാർക്ക് വേണ്ടി കൈക്കൂലിക്ക് ഒത്താശ ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ താൽക്കാലിക ഡ്രൈവറായ മനോജിനെ മറയാക്കിയാണ് തഹസിൽദാറായ അജികുമാർ പണപ്പിരിവ് നടത്തിയത്. ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാറിനും ഇതിന്റെ വിഹിതം ലഭിക്കുന്നുണ്ട് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഏജൻറ് എന്ന വ്യാജേന അണ്ടർ സെക്രട്ടറി തഹസിൽദാറുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും ഡ്രൈവർ മനോജുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോഡും തെളിവുകളായി ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottarakkara TalukTehsildar suspended
News Summary - Kottarakkara Taluk: Tehsildar, Deputy Tehsildar, Driver suspended
Next Story