ഡി.സി.സി പ്രസിഡന്‍റ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന്; പിന്നാലെ നേതാക്കൾ തമ്മിൽ അസഭ്യവർഷം
text_fieldsകോട്ടയം: ഡി.സി.സി പ്രസിഡന്‍റ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആക്ഷേപം. അതിനെ ചോദ്യംചെയ്ത് നേതാക്കൾ തമ്മിൽ അസഭ്യവർഷവും. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് എം നേതാവുമായ ജോളി മടുക്കകുഴിക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് നടത്തിയ പരാമർശമാണ് വിവാദമായത്. കോൺഗ്രസ് വനിത അംഗത്തിന് നേരെ ജോളി മടുക്ക അതിക്രമം കാട്ടിയെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡി.സി.സി പ്രസിഡന്‍റ് നടത്തിയ ചില പരാമർശങ്ങളാണ് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടത്.
ജോളി മടുക്കക്കുഴി എന്നത് പെണ്ണിന്‍റെ പേരാണെന്നും പെണ്ണിന്‍റെ സ്വഭാവമാണ് ഇയാൾക്കെന്നുമുള്ള ആക്ഷേപമാണ് ഡി.സി.സി പ്രസിഡന്‍റ് ഉയർത്തിയത്. പിന്നെ വ്യക്തിപരമായ ചില ആക്ഷേപങ്ങളും ഉന്നയിച്ചു. ജോളിയെ വീട്ടിൽ കിടത്തിയുറക്കില്ലെന്നും അദ്ദേഹം പ്രതിഷേധം ഉദ്ഘാടനം ചെയ്യവെ പറഞ്ഞിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗവും കർഷക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്. ഹഫീസ് ഡി.സി.സി പ്രസിഡന്‍റിനെ ഫോണിൽ വിളിച്ചത്. അതാണ് പരസ്പരമുള്ള തെറിവിളിയിൽ കലാശിച്ചത്.
ജോളിയെ കൈകാര്യം ചെയ്യുമെന്ന് സുരേഷ് പറഞ്ഞതോടെ എങ്കിൽ പറഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് നിർത്തി തരാമെന്നും വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യാനും ഹഫീസ് പറഞ്ഞതോടെ സംസാരം സഭ്യതവിട്ടു.
കുറച്ചുനേരത്തെ അസഭ്യവർഷത്തിനുശേഷം ഹഫീസിനെ ബ്ലോക്കാക്കി ഡി.സി.സി പ്രസിഡന്‍റ് ഫോൺ വിളി അവസാനിപ്പിക്കുകയായിരുന്നു. ഈ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.