കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സമിതി ചെയര്മാന് സ്ഥാനങ്ങളിൽനിന്ന് മാണി ഗ്രൂപ് രാജിവെച്ചു
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറിനുപിന്നാലെ വൈസ് പ്രസിഡൻറ്, വികസന സ്ഥിരം സമിതി ചെയര്മാന് സ്ഥാനങ്ങളും കേരള കോൺഗ്രസ്-എം പ്രതിനിധികൾ രാജിവെച്ചു. പാർട്ടി വീണ്ടും യു.ഡി.എഫിെൻറ ഭാഗമായതിനെത്തുടർന്നാണ് നടപടി. നേരേത്ത ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി രാജിെവക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച സക്കറിയാസ് കുതിരവേലി, വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യന്‍, വികസന സ്ഥിരം സമിതി ചെയര്മാന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എന്നിവര്‍ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ നിർേദശപ്രകാരമാണ് രാജിയെന്ന് സക്കറിയാസ് കുതിരവേലി പറഞ്ഞു. ഒരുവർഷം ജില്ല പഞ്ചായത്തിനെ മികച്ചനിലയിൽ നയിക്കാൻ കഴിഞ്ഞതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 85 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ ‘ഏബിൾ കോട്ടയം’ ഉൾെപ്പടെ 13 കോടിയുടെ പദ്ധതികൾക്കാണ് തുടക്കംകുറിച്ചത്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനർസംയോജന പദ്ധതി കാര്യക്ഷമമാക്കുന്നതിന് ജില്ല പഞ്ചായത്ത് നൽകിയ പിന്തുണ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി.
കാർഷികമേഖലക്ക് കോഴയിൽ മൂല്യവർധിത യൂനിറ്റ്, ക്ഷീരവർധിനി പദ്ധതി, തരിശുപാടങ്ങളിൽ നെൽകൃഷി എന്നിവ നടപ്പാക്കി. എല്ലാവരെയും 10ാം ക്ലാസ് പാസാക്കുന്നതിന് മിഷൻ ട്വൻറി20 തുടങ്ങി നൂതന പദ്ധതികൾക്കാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ തുടക്കം കുറിച്ചത്. കോൺഗ്രസുമായി സൗഹൃദപരമായി മുന്നോട്ടുപോകും. കേരള കോൺഗ്രസിന് ഇനി ഒന്നര വർഷംകൂടി ബാക്കിയുണ്ട്. അവസാനവർഷം കേരള കോൺഗ്രസ് പ്രതിനിധിതന്നെ പ്രസിഡൻറ് സ്ഥാനം വഹിക്കും. കോൺഗ്രസ് ഇനിയുള്ള ഒരുവർഷം പ്രസിഡൻറ് സ്ഥാനം വഹിക്കും. സ്ഥാനാർഥി ആരാണെന്നത് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്ത് മേരി സെബാസ്റ്റ്യൻ രണ്ടരവർഷം പൂർത്തിയാക്കിയിരുന്നു. ജില്ല പഞ്ചായത്തിലെയും മറ്റ് ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാനമാറ്റങ്ങൾ ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പുമായും മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.