കോട്ടയം; കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsകോട്ടയം: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ വീണ്ടും ആശങ്കയിലേക്ക് ജില്ല. ബുധനാഴ്ച 79 പേരാണ് പോസിറ്റിവായത്. ചൊവ്വാഴ്ച 75 പേർക്കാണ് കോവിഡ് ബാധച്ചത്. കഴിഞ്ഞ ആഴ്ചവരെ 10-20 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ 50 കടക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും എണ്ണം വർധിച്ചേക്കാമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ.
ഈമാസം ഇതുവരെ 671 പേർക്കാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുകയാണ്.
നിലവിൽ സംശയം തോന്നി പരിശോധിക്കുന്നവരില്‍ മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധന വ്യാപകമാക്കിയാൽ എണ്ണം ഇനിയും ഉയരും. വൈറൽപനി വ്യാപകമായിരിക്കെയാണ് വീണ്ടും കോവിഡ് പടരുന്നത്. ഇത് ആശങ്ക വർധിപ്പിക്കുന്നുമുണ്ട്. വാക്സിനേഷന് നടത്തിയവരെയും നേരത്തേ കോവിഡ് ബാധിച്ചവരെയും രോഗം വീണ്ടും ബാധിക്കുന്നുണ്ട്. ആദ്യകാലത്തെ അത്ര അപകടകാരിയല്ലെങ്കിലും രോഗം പടരുന്നത് അതിവേഗമാണ്. പനി, ജലദോഷം, കഫം, ശരീരവേദന, സന്ധിവേദന, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ അതു കോവിഡാകാനാണ് സാധ്യതയെന്നു വിദഗ്ധര്‍ പറയുന്നു.
മഞ്ഞുകാലത്ത് ശ്വാസകോശരോഗം വര്‍ധിക്കാറുണ്ടെങ്കിലും ഇക്കുറി നിരക്ക് കൂടുതലാണ്. പനിബാധിച്ച് എത്തുന്നവരില്‍ നിശ്ചിത ശതമാനം പേരിലും കോവിഡ് കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങളാണ് പ്രധാന വെല്ലുവിളി. ശക്തമായ ചുമയും കഫക്കെട്ടും സംസാരിക്കാനാവാത്ത വിധം ശബ്ദമില്ലാതെയും വരുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. പരമാവധി വെള്ളം കുടിക്കണം. മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത് മൂന്ന് ലിറ്റര്‍ വെള്ളം വരെ കുടിക്കണം. നല്ല പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഏഴ്-ഒമ്പത് മണിക്കൂര്‍ വരെ നിര്‍ബന്ധമായി ഉറങ്ങുകയെന്നതും രോഗതീവ്രത കുറക്കും. പഞ്ചസാര, കാര്‍ബണേറ്റ് ചെയ്ത പാനീയങ്ങള്‍ തുടങ്ങിയ ഒഴിവാക്കണം.
അസുഖമുള്ളവര്‍ പുറത്തിറങ്ങാതിരിക്കുന്നത് രോഗവ്യാപനം ഒഴിവാക്കും. പനി ബാധിതരും ആശുപത്രികൾ സന്ദർശിക്കുന്നവരും മാസ്ക് ഉപയോഗിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.