കോട്ടയത്ത് ജയിൽ ചാടിയ കൊലക്കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsകോട്ടയം: ജയിൽ ചാടിയ കൊലക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ച ജയിലിൽനിന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനായ പാറമ്പുഴ മോളയില്‍ ബിനുമോനെയാണ് (38) രാത്രി ഒമ്പതുമണിയോടെ മീനടത്ത് വീടിനു സമീപത്തുനിന്ന് പിടികൂടിയത്. ഈസ്റ്റ് സി.ഐ യു. ശ്രീജിത്, എസ്.ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പാടി പൊലീസിന്റെ സഹകരണത്തോടെയാണ് ഇയാളെ പിടികൂടിയത്. ജില്ല ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ഈസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
കഴിഞ്ഞ ജനുവരിയില്‍ മുട്ടമ്പലം ഉറുമ്പനത്ത് ഷാന്‍ ബാബുവിനെ (19) കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നില്‍ കൊണ്ടിട്ട കേസിലെ അഞ്ചാംപ്രതിയായിരുന്നു ഓട്ടോ ഡ്രൈവറായ ബിനുമോൻ. ജയിലിൽ പാചക ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന ഇയാളെ മറ്റ് തടവുകാർക്കൊപ്പം രാവിലെ 4.30ന് സെല്ലില്‍നിന്ന് പുറത്തിറക്കിയിരുന്നു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയ ബിനു, ഇതിനിടെ 4.53 ഓടെ രക്ഷപ്പെടുകയായിരുന്നു. ജയിലിന്‍റെ കിഴക്കു വശത്തെ മതിലിലേക്ക് പലകചാരി ഇതിലൂടെ ചവിട്ടിക്കയറിയശേഷം മുകളിലൂടെ കടന്നുപോകുന്ന കേബിള്‍ വഴി തൂങ്ങി പുറത്തുകടന്നുവെന്നാണ് സൂചന.
പുറത്തുകടന്ന ബിനുമോൻ കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പ്വരെ എത്തുന്നതിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നായും ബസ് സ്‌റ്റോപ് വരെയെത്തിമടങ്ങി. ജയിലിനുള്ളിൽ പല്ലു തേക്കുമ്പോള്‍ ലുങ്കിയും ടീ ഷര്‍ട്ടും ധരിച്ചിരുന്ന ബിനു സി.സി.ടി.വി. ദൃശ്യത്തില്‍ ജീന്‍സും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിൽ വന്നതായി സമ്മതിച്ച സുഹൃത്ത്, ജയില്‍ ചാടി എത്തിയതാണെന്ന് അറിഞ്ഞതോടെ പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞതായും ഇതോടെ ബിനു മുങ്ങിയെന്നുമാണ് മൊഴി നൽകിയത്. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും മേഖലയിലെ റബർ തോട്ടങ്ങളിലെ ഒഴിഞ്ഞ കെട്ടിടങ്ങളിലും പരിശോധന നടത്തി. ഇയാൾ പണം ചോദിച്ച് എത്താൻ സാധ്യതയുള്ള വ്യക്തികളും നിരീക്ഷണത്തിലായിരുന്നു. ഒന്നിലേറെ തവണ ഇയാള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.
കഴിഞ്ഞദിവസം ബിനുമോനെ സന്ദര്‍ശിക്കാൻ ഭാര്യ ജയിലില്‍ എത്തിയിരുന്നു. എത്രയുംപെട്ടെന്ന് തനിക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നതായാണ് വിവരം. പ്രതികളുമായി നേരത്തേ ബന്ധമുണ്ടായിരുന്നുവെങ്കിലും മറ്റ് കേസുകളിലൊന്നും പ്രതിയല്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ കേസുകൾ ഇല്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാള്‍ക്ക് അടുക്കളയിൽ ജോലി നല്‍കിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ ഉത്തരമേഖല ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ ജയിൽ സന്ദർശിച്ച് ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്തു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.