കോട്ടയം സീറ്റ്: കേരള കോൺഗ്രസിന് മുന്നറിയിപ്പുമായി കോൺഗ്രസ്; യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്ന് തിരുവഞ്ചൂർ
text_fieldsകോട്ടയം: കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാർഥി സംബന്ധിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഉടലെടുത്ത തർക്കത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം സീറ്റിൽ യു.ഡി.എഫിന്‍റെ വിജയമാണ് പ്രധാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കം ഉണ്ടാകരുത്. വിജയസാധ്യത ഏറ്റവും കൂടിയ സ്ഥാനാർഥിയെ വേണം മത്സരിപ്പിക്കേണ്ടത്. ഒരു വ്യക്തിക്ക് സീറ്റ് കിട്ടുന്നു എന്നതല്ല, യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കണമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ലോക്സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കോട്ടയം സീറ്റിന് ജോസഫ് വിഭാഗം അവകാശം ഉന്നയിച്ചു. മാണി-ജോസഫ് പിളർപ്പിന് മുമ്പ് അവിഭക്ത കേരള കോൺഗ്രസിനായിരുന്നു കോട്ടയം സീറ്റ്.
തുടർചർച്ചകൾക്കു ശേഷം മറുപടി പറയാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. പ്രാഥമിക ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോട്ടയം സീറ്റ് ലഭിച്ചേക്കുമെന്നാണു കേരള കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വീണ്ടും ചര്‍ച്ച നടക്കും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കൂടി നോക്കിയ ശേഷമാകും അന്തിമ തീരുമാനമെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
കോട്ടയം സീറ്റിൽ സ്ഥാനാർഥിയാകാൻ കേരള കോൺഗ്രസിലെ നിരവധി പേർ നീക്കം നടത്തുന്നുണ്ട്. എന്നാൽ, സ്ഥാനാർഥി പട്ടികയിൽ പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവർക്കാണ് മുൻതൂക്കം. കൂടാതെ, ജോയ് ഏബ്രഹാം, പി.സി. തോമസ് എന്നിവരുടെ പേരുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.ജെ. ജോസഫും മോന്‍സ് ജോസഫും എം.എൽ.എമാരായതിനാൽ ഫ്രാന്‍സിസ് ജോര്‍ജ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.