വീടാകെ വിഷപ്പുക; മേരിയുടെ ജീവനെടുത്ത തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടെന്ന് സൂചന
text_fieldsകോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയിലേ കാരണം സ്ഥിരീകരിക്കുവാൻ സാധിക്കുകയുള്ളൂ. മണിമല പാറവിളയിൽ സെൽവരാജന്റെ ഭാര്യ മേരി (രാജമ്മ70) ആണ് മരിച്ചത്. പരിക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 12.30നാണ് ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലുള്ള വീട്ടിൽ തീപടർന്നത്. മേരിയും ഭർത്താവ് സെൽവരാജനും കിടന്ന താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. വൈദ്യുതോപകരണങ്ങളും മറ്റും കത്തിക്കരിഞ്ഞ് വീടാകെ വിഷപ്പുക നിറഞ്ഞിരുന്നു. ഇത് ശ്വസിച്ചാണ് മേരി അവശനിലയിലായത്.
മുകൾനിലയിലായിരുന്നു മകൻ വിനീഷും ഭാര്യയും 2 മക്കളും. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകൾനിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. ഇതിനിടെയാണ് പരിക്കേറ്റത്. സെൽവരാജനെയും മേരിയെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ വാഹനം വീടിനു സമീപത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ഒരു കിലോമീറ്റർ അകലെ നിർത്തി നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഈ സമയം നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. കിണറിന്റെ മോട്ടോർ ഉൾപ്പെടെ കത്തിപ്പോയതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.