കോട്ടയം നഗരസഭ: താൽക്കാലിക തൊഴിലാളികൾക്ക് രണ്ടുമാസമായി ശമ്പളമില്ല
text_fieldsകോട്ടയം: നഗരസഭയിലെ താൽക്കാലിക തൊഴിലാളികൾ രണ്ടുമാസമായി ശമ്പളം കിട്ടാതെ ദുരിതത്തിൽ. പാലിയേറ്റിവ്, ആർദ്രം പദ്ധതികളിലെ ജീവനക്കാർക്കും ശുചീകരണവിഭാഗം തൊഴിലാളികൾക്കുമാണ് ശമ്പളം മുടങ്ങിയത്. പാലിയേറ്റിവ് പദ്ധതിയിൽ ഒമ്പത് ജീവനക്കാരാണുള്ളത്. അഞ്ച് നഴ്സുമാരും നാല് ഡ്രൈവർമാരും. നഗരസഭയിലെ 52 വാർഡുകളിലെയും കിടപ്പുരോഗികളെ പരിചരിക്കുന്നത് ഇവരാണ്. തുച്ഛമായ വേതനമാണ് ഇവർക്കു കിട്ടുന്നത്. അതുപോലും കൃത്യമായി നഗരസഭക്ക് നൽകാനാവുന്നില്ല.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നാലുപേർ ഫീൽഡിലിറങ്ങും. ചെലവായ തുക മാസം വൗച്ചറെഴുതി നൽകി വാങ്ങുകയാണ് ചെയ്യുന്നത്. നഴ്സുമാർക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി സ്പിൽ ഓവറിലുൾപ്പെടുത്തി ശമ്പളം ലഭ്യമാക്കുകയായിരുന്നു. ഡ്രൈവർമാർക്കും രണ്ടുമാസമായി വേതനം മുടങ്ങിയിട്ട്. ഓടാതിരിക്കാൻ ആവാത്തതിനാൽ സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് ഇവർ വാഹനത്തിൽ ഇന്ധനം നിറക്കുന്നത്.
വായ്പയെടുത്ത് വാഹനം വാങ്ങിയവരാണ് ഇവരെല്ലാവരും. തിരിച്ചടവ് മുടങ്ങിയതോടെ ഇവരുടെ കാര്യവും കഷ്ടത്തിലാണ്. സ്കൂൾ തുറന്ന സമയത്താണ് തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടിയത്. വായ്പ നൽകിയവർ വീടുകളിൽ അന്വേഷിച്ചുവരുന്ന സ്ഥിതിയാണെന്ന് അധികൃതരെ അറിയിച്ചിട്ടും ആർക്കും അനക്കമില്ല.
ശുചീകരണ വിഭാഗത്തിൽ 14 പേരും ആർദ്രം പദ്ധതിയിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് അടക്കം അഞ്ചുപേരുമാണുള്ളത്. ഇവരും സമാന അവസ്ഥയിലാണ്. ഫണ്ടില്ലെന്നും പുതിയ പദ്ധതി പാസാവാതെ പണം കിട്ടില്ലെന്നുമാണ് അധികൃതരുടെ മറുപടി. വാർഷിക പദ്ധതി സമർപ്പണം വൈകുന്നതോടെ ഇത്തരത്തിൽ സാധാരണക്കാരായ നിരവധി പേരാണ് പട്ടിണിയാകുന്നത്. മാർച്ച് 31 നുമുമ്പ് സമർപ്പിക്കേണ്ട വാർഷിക പദ്ധതി മൂന്നുതവണ ചർച്ച ചെയ്തശേഷം കഴിഞ്ഞദിവസമാണ് അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.