കോട്ടയത്തെ പ്രഫ. ജയലക്ഷ്മി ഒരേയൊരു പെൺപേര്
text_fieldsകോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കോട്ടയത്തെ വനിതകൾക്ക് അഭിമാനിക്കാൻ ഒരേയൊരു പേരേയുള്ളൂ-പ്രഫ. ജയലക്ഷ്മി. കൊല്ലം ശാസ്താംകോട്ട ഡി.ബി. കോളജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ജയലക്ഷ്മി 1996 ൽ രമേശ് ചെന്നിത്തലക്കെതിരെയാണ് മത്സരിച്ചത്. ജനതാദൾ സ്ഥാനാർഥിയായി എൽ.ഡി.എഫിനൊപ്പമായിരുന്നു മത്സരം. 2,77,539 വോട്ട് നേടി രണ്ടാംസ്ഥാനത്തായി. പിന്നീട് കൊല്ലത്തും മത്സരിച്ചു. പാർട്ടി മുന്നണി മാറിയതോടെ എൻ.ഡി.എ സ്ഥാനാർഥിയായാണ് അവിടെ മത്സരിച്ചത്.
2000 ത്തിന്റെ തുടക്കകാലം വരെ പാർട്ടി ഭാരവാഹിത്വം വഹിച്ചിരുന്നുവെങ്കിലും സ്വയം വിരമിക്കൽ വേണമെന്നുതോന്നി. അന്ന് രാഷ്ട്രീയത്തോട് വിടപറഞ്ഞ ഇവരിന്ന് അക്ഷരങ്ങളുടെ ലോകത്താണ്. എഴുത്ത്, യാത്ര, ഫോട്ടോഗ്രഫി തുടങ്ങി തനിക്കിഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിച്ച് അതിനു പിറകെയുള്ള പ്രയാണത്തിലാണ് ഈ പഴയ രാഷ്ട്രീയക്കാരി.
ചുങ്കം പഴയ സെമിനാരി റോഡിലാണ് ജയലക്ഷ്മിയുടെ വീട്. കോട്ടയത്തെ മത്സരത്തിന്റെ നല്ല ഓർമകളാണ് ഇപ്പോഴും മനസ്സിൽ. നഗരത്തിനുപുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോകുമ്പോൾ കർഷകസ്ത്രീകളും കുട്ടികളും ഓടിയെത്തും.
തനിക്ക് കൂടുതൽ വോട്ട് നൽകിയ വൈക്കത്തോട് അൽപം ഇഷ്ടം കൂടുതലാണ് ഇവർക്ക്. ജനങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ഊർജം തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ലഭിക്കുമായിരുന്നു എന്ന് ഓർക്കുന്നു. മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും വിളിച്ചുപറഞ്ഞ് ആരുടെയും മനസ്സ് വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.
സ്ത്രീകൾക്ക് സീറ്റ് നൽകാതിരിക്കാൻ അന്നുമിന്നും പുരുഷൻമാർ ഉപയോഗിക്കുന്ന ആയുധം ജയസാധ്യത എന്നതാണ്. ജയസാധ്യത എങ്ങനെ പുരുഷൻമാരുടേത് മാത്രമാകും. രാഷ്ട്രീയത്തിൽ നിൽക്കണമെങ്കിൽ മണി, മാഫിയ, മസിൽ പവറുകൾ വേണം. ഈ മൂന്നും പുരുഷനൊപ്പമാണുള്ളത്. ഒന്നുമല്ലാത്ത സ്ത്രീകൾക്ക് അവിടെ പിടിച്ചുനിൽക്കാൻ എളുപ്പമല്ല. പലരെയും വെല്ലുവിളിക്കേണ്ടിവന്നു.
തന്നെ ഒഴിവാക്കാനാഗ്രഹിച്ചവർക്കു മുന്നിൽനിന്ന് സ്വയം ഒഴിവായിപ്പോന്നു. ഭർത്താവ് ഡോ. ജോൺ മത്തായിയുമൊത്ത് ഇപ്പോൾ സ്വസ്ഥജീവിതം. എറണാകുളത്താണ് താമസം. ഇടക്ക് കോട്ടയത്തുമെത്തും. ‘എന്റെ രാഷ്ട്രീയം ഞാൻ എഴുത്തിലൂടെ പറയുന്നുണ്ട്. ഇവിടെ ആരും തടയാനില്ല’’ രാഷ്ട്രീയം ചോദിച്ചാൽ ജയലക്ഷ്മിയുടെ മറുപടി ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.