കെവിൻ: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയുടെ ഓർമയിൽ കോട്ടയം
text_fieldsകോട്ടയം: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ ശിക്ഷാവിധിയെത്തുമ്പോൾ കോട്ടയത്തെ കെവിനെയും നീനുവിനെയും കേരളത്തിന് മറക്കാനാകില്ല. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി പരിഗണിക്കപ്പെട്ട കേസാണ് കെവിന്റേത്. തേങ്കുറിശ്ശിയിലെ അനീഷിനെപ്പോലെ, പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനും ജീവൻ നഷ്ടപ്പെട്ടത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോട്ടയത്ത് പഠിക്കുന്നതിനിടെയാണ് നീനു കെവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നീനുവിന്റെ വീട്ടുകാർ എതിർത്തെങ്കിലും ഇരുവരും വിവാഹിതരായി. 2018 മേയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
പുലർച്ചെ നീനുവിന്റ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം മാങ്ങാനത്തുള്ള ബന്ധു അനീഷിന്റെ വീട്ടില്‍ നിന്ന് അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയി. കെവിന്റെ പിതാവ് ജോസഫും നീനുവും ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും യഥാസമയം അന്വേഷിക്കാൻ പൊലീസ് തയാറായില്ല. മാധ്യമങ്ങൾ ഇടപെട്ടതോടെയാണ് പൊലീസ് അനങ്ങിയത്. പിറ്റേ ദിവസം രാവിലെ തെൻമലയിലെ തോട്ടിൽനിന്ന് കെവിന്റെ മൃതദേഹം കിട്ടി. അന്ന് ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടായിരുന്നതിനാൽ കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടു.
നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കെവിനെ തെൻമലയിൽ വെച്ച് കാറിൽനിന്ന് ഇറക്കിവിട്ടുവെന്നും ഓടി രക്ഷപ്പെട്ട് തോട്ടിൽ വീണുവെന്നുമായിരുന്നു പ്രതികളുടെ മൊഴി. 85 ദിവസം കൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സഹോദരനായിരുന്നു ഒന്നാംപ്രതി. താഴ്ന്ന ജാതിയിൽപ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു മൂലമുള്ള ദുരഭിമാനമാണ് കെവിന്റെ കൊലപാതകത്തിന് കാരണമെന്ന് നീനു കോടതിയിൽ മൊഴി നൽകി. സംഭവം ദുരഭിമാന കൊലപാതകം തന്നെയെന്നു നിരീക്ഷിച്ച കോടതി, നീനുവിന്റെ സഹോദരന് അടക്കം 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവു വിധിച്ചു.
പ്രതികളുടെ പ്രായം പരിഗണിച്ചാണു വധശിക്ഷ ഒഴിവാക്കിയത്. കുറ്റക്കാരല്ലെന്നു കണ്ട് നീനുവിന്റെ പിതാവ് ചാക്കോ അടക്കം നാലു പേരെ കോടതി വെറുതെ വിട്ടു. കേസില്‍ എസ്.ഐയെ സര്‍വിസില്‍ നിന്നു പുറത്താക്കുകയും മൂന്നു പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.