കുഞ്ഞിനെ നീതു തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താൻ; ബാദുഷക്ക് ബന്ധമില്ലെന്ന് പൊലീസ്
text_fieldsകോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് യുവതി നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനുമായുള്ള ബന്ധം നിലനിർത്താൻ. കുഞ്ഞുമായി കാമുകനൊപ്പം ജീവിക്കാനായിരുന്നു നീതുവിന്‍റെ ഉദ്ദേശ്യം. സംഭവത്തിൽ യുവതി മാത്രമാണ് പ്രതിയെന്നും യുവതിയിൽനിന്ന് പണം തട്ടിയ കേസിൽ കാമുകനെ കസ്റ്റഡിയിലെടുത്തെന്നും എസ്.പി ഡി. ശിൽപ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിരുവല്ല കുറ്റൂർ പല്ലാടത്തിൽ സുധി ഭവനിൽ നീതുരാജ് (33) ഭർതൃമതിയും ആറുവയസ്സായ ആൺകുട്ടിയുടെ അമ്മയുമാണ്. എറണാകുളം കളമശ്ശേരിയിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തിയിരുന്ന എം.ബി.എ ബിരുദധാരിയായ നീതു, രണ്ടുവർഷം മുമ്പാണ് ഇബ്രാഹീം ബാദുഷ എന്നയാളുമായി ടിക്ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.
ഇയാളിൽനിന്ന് ഗർഭിണിയായപ്പോൾ ഭർത്താവിന്‍റെ കുഞ്ഞാണെന്നാണ് ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്. രണ്ടുമാസത്തിനു ശേഷം ഗർഭം അലസിയെങ്കിലും വിവരം കാമുകനോട് പറഞ്ഞില്ല. ഭർത്താവിനെയും വീട്ടുകാരെയും അറിയിച്ചു. കാമുകന്‍റെ വീട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. ഇതിനിടെയാണ് കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കാമുകനെ നഷ്ടപ്പെടുമെന്ന ഭയം മൂലം മറ്റൊരു കുഞ്ഞിനെ തട്ടിയെടുക്കാനും ആ കുഞ്ഞിനെ കാണിച്ച് ബന്ധം നിലനിർത്താനുമായിരുന്നു ശ്രമമെന്ന് നീതു മൊഴി നൽകി. കുഞ്ഞുണ്ടെങ്കിൽ കാമുകൻ വിട്ടുപോവില്ലെന്ന് കരുതി.
ഇതിനായി ആശുപത്രിയിൽ പരിശോധനക്ക് പോവുകയാണെന്നുപറഞ്ഞ് മകനുമായി ജനുവരി നാലിന് കോട്ടയത്തെത്തി. നേരത്തേ ചങ്ങനാശ്ശേരിയിൽ പഠിച്ചിട്ടുള്ള പരിചയം വെച്ചാണ് കോട്ടയം മെഡിക്കൽ കോളജ് തെരഞ്ഞെടുത്തത്. പരിസരത്തെ ഹോട്ടലിൽ വൈകീട്ട് 6.30ന് മുറിയെടുത്തു. വ്യാഴാഴ്ച ഉച്ചക്കുശേഷം സമീപത്തെ മെഡിക്കൽ സ്റ്റോറിൽനിന്ന് നഴ്സിന്‍റെ കോട്ട് വാങ്ങി ഗൈനക്കോളജി വാർഡിലെത്തി. ചെന്നപ്പോൾതന്നെ കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടു.
അതിനെ കൊണ്ടുപോകാനും തീരുമാനിച്ചു. ചികിത്സാരേഖകൾ പരിശോധിച്ച്, മഞ്ഞനിറം ഉണ്ടെന്നും കുട്ടികളുടെ ആശുപത്രിയിലേക്ക് ചികിത്സക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് കുഞ്ഞിനെ എടുത്തു. നഴ്സിന്‍റെ വേഷത്തിലായതിനാൽ അശ്വതിക്ക് സംശയം തോന്നിയില്ല. മൂന്നരയോടെ കുഞ്ഞുമായി ഹോട്ടലിലെത്തി. മുറിയിൽ ചെന്ന് വിഡിയോ കോളിൽ കുഞ്ഞിനെ ബാദുഷയെയും കുടുംബത്തെയും കാണിച്ച് ബോധ്യപ്പെടുത്തി. തുടർന്ന്, എറണാകുളത്തേക്ക് പോകാൻ ടാക്സി വിളിച്ചപ്പോഴാണ് ഡ്രൈവർക്ക് സംശയം തോന്നുന്നതും പൊലീസ് എത്തി പിടികൂടുന്നതും.
നീതുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിതന്നെ ഇബ്രാഹീം ബാദുഷയെ കൊച്ചിയിൽനിന്ന് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നീതുവിൽനിന്ന് പണവും ആഭരണങ്ങളും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇയാൾ മൂത്ത കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ. തട്ടിക്കൊണ്ടുപോകൽ കേസുമായി ബാദുഷക്ക് ബന്ധമില്ലെങ്കിലും പണം തട്ടിയതിനും നീതുവിന്‍റെ കുട്ടിയെ ഉപദ്രവിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കും. നീതുവിന്‍റെ കൂടെയുണ്ടായിരുന്ന മകനെ തിരുവല്ലയിൽനിന്ന് നീതുവിന്‍റെ മാതാപിതാക്കളെത്തി കൊണ്ടുപോയി. നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അന്വേഷണസംഘാംഗങ്ങളായ ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, അഡീ. എസ്.പി എസ്. സുരേഷ് കുമാർ, ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ ടി.എസ്. റെനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.