പാളിപ്പോയ വികസന പ്രഖ്യാപനങ്ങൾ
text_fields‘നൂറ് ലോഡ് മണ്ണ് കിട്ടാത്തത് കൊണ്ടാണോ കോടിമത മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം സർക്കാർ പൂർത്തീകരിക്കാത്തത്. അധികാരമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ പണി പൂർത്തീകരിക്കുമായിരുന്നു. ഉദ്യോഗസ്ഥരെ ആയുധമാക്കി ഓരോ പ്രദേശത്തെയും നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണ്. വികസനം ചവിട്ടിയൊതുക്കുകയും ഒപ്പം വികസനം നടക്കുന്നില്ലെന്ന് മുദ്രാവാക്യം ഉയർത്തുകയുമാണ് ചിലരുടെ സമീപനം.
ജനങ്ങളുടെ ആവശ്യത്തിനായി മുറവിളി കൂട്ടുന്നവർക്ക് സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ സമീപിക്കാൻ അനുവാദമുണ്ടെന്നിരിക്കെ ആരും അതിന് മുതിരുന്നില്ല’. കഴിഞ്ഞദിവസം നടന്ന വാർത്തസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞ വാക്കുകളാണിവ.
മുമ്പ് പരാമർശിച്ച വികസനമുരടിപ്പുകൾ സാമ്പിൾ മാത്രം. കോട്ടയത്ത് ഏറെ പ്രതീക്ഷയോടെ മുന്നോട്ടുവെച്ച വികസന ആശയങ്ങൾ ത്രിശങ്കുവിൽ തുടരുമ്പോൾ ദുരിതത്തിലാവുന്നത് ജനപ്രതിനിധികളെ അധികാരത്തിലേറ്റിയ സമ്മതിദായകർക്ക് അർഹമായ ജീവിത സൗകര്യങ്ങളാണ്. യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച പല വികസനപദ്ധതികളും നിശ്ചലമായിട്ട് എട്ട് വർഷത്തോളമായി. 800 കോടിയുടെ വികസനപദ്ധതികളാണ് കാലങ്ങളായി അനിശ്ചിതത്വത്തിൽ തുടരുന്നത്.
കോട്ടയത്ത് പാളിപ്പോയ വികസന പ്രഖ്യാപനങ്ങൾ അവസാനിക്കുന്നില്ല. കായികതാരങ്ങൾക്ക് ഏറെ പ്രതീക്ഷനൽകിയ പ്രഖ്യാപനമായിരുന്നു രാജ്യത്തെ തന്നെ ആദ്യ സ്പോർട്സ് കോളജ്. ഐ.ഐ.ടി മാതൃകയിൽ ദേശീയ സ്ഥാപനമാക്കുക എന്നതായിരുന്നു ലക്ഷ്യം. ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന്റെ 11 ഏക്കർ സ്ഥലത്താണ് പദ്ധതി ഉദ്ദേശിച്ചിരുന്നത്. 2016ലാണ് സ്ഥാപനത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
2015ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് നട്ടാശ്ശേരിയിൽ റെഗുലേറ്റർ കം ഓവർബ്രിഡ്ജിന്റെ നിർമാണം നടത്തിയത്. വേമ്പനാട്ട് കായലിൽനിന്ന് മീനച്ചിലാറിലേക്ക് ഓരുവെള്ളം കയറാതിരിക്കാനും നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് പാലത്തിന് മുകളിലൂടെ ഗതാഗതത്തിനുമാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇവിടെ അവശേഷിക്കുന്നത് ആറ് തൂണുകൾ മാത്രമാണ്. ഇവ കൂടാതെ 38 കോടിക്ക് ടെൻഡർ ചെയ്ത കഞ്ഞിക്കുഴി മേൽപാലം, പണിതീരാതെ കിടക്കുന്ന മിനി സിവിൽ സ്റ്റേഷൻ അനക്സിന്റെ നിർമാണം ഇങ്ങനെ നീളുന്നു കോട്ടയംകാർക്ക് അവകാശപ്പെട്ട വിവിധ പദ്ധതികൾ.
അധികൃതരുടെ നിസ്സംഗതയിലും രാഷ്ട്രീയ വടംവലിയിലും ശ്വാസംമുട്ടുകയാണ് ജനങ്ങൾ.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.