കോട്ടയത്തെ ട്വൻറി 20 വേറെ ലെവലാണ്; ജോലിയുണ്ടെങ്കിൽ സ്ഥാനാർഥിയായാൽ മതി
text_fieldsകോട്ടയം: അപേക്ഷ സ്വീകരിച്ച്, അഭിമുഖം നടത്തി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ കണ്ടെത്തുന്നതായി കേട്ടിട്ടുണ്ടോ.
കോട്ടയത്തെ ട്വൻറി 20 ജനകീയ കൂട്ടായ്മയാണ് ഈ വേറിട്ട വഴിയിൽ തെരഞ്ഞെടുപ്പ് രംഗത്ത് ചുവടുവെക്കുന്നത്. ലഭിച്ച 35 അപേക്ഷകളിൽനിന്ന് നഗരസഭയിൽ മുൻ കൗൺസിലറടക്കം എട്ട് സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥാനാർഥികളെ കണ്ടെത്തുന്നതിൽ മാത്രമല്ല, സ്ഥാനാർഥികളാകാനുള്ള യോഗ്യതയിലുമുണ്ട് വ്യത്യസ്തത. ജോലിയുള്ളവരെ മാത്രമേ സ്ഥാനാർഥികളാക്കൂ. അതായത് രാഷ്ട്രീയം ഉപജീവനമാർഗമാക്കാനാണെങ്കിൽ മെനക്കെടേണ്ട.
അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ട്വൻറി 20 ജനകീയ കൂട്ടായ്മ നഗരസഭയുടെ 52 വാർഡുകളിലും സഞ്ചരിച്ചാണ് സ്ഥാനാർഥികളാവാനുള്ളവരുടെ അപേക്ഷ ക്ഷണിച്ചത്. അപേക്ഷ കിട്ടിയപ്പോൾ ജനപിന്തുണയുള്ളവരാണോ എന്ന് അതത് വാർഡുകളിൽ അന്വേഷിച്ചു.
ജനപിന്തുണയില്ലാത്തവർ ആദ്യമേ ഔട്ട്. വിജയിച്ചവരെ അഭിമുഖത്തിന് വിളിച്ചു. ട്വൻറി 20 യുടെ പെരുമാറ്റച്ചട്ടങ്ങൾ അനുസരിക്കാൻ തയാറായവർക്ക് മാത്രം കൂട്ടായ്മയിൽ അംഗത്വം നൽകി കരാർ ഒപ്പിടുവിച്ചു.
തുടർന്ന് സ്റ്റഡി ക്ലാസ് നൽകി സ്ഥാനാർഥികളാക്കി. വിജയിച്ചുകിട്ടിയാൽ തീർന്നു എന്ന് കരുതേണ്ട. കൗൺസിലറുടെ പ്രവർത്തനം വിലയിരുത്താനും സമിതി ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.