കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യക്ക് കാരണം ബാങ്കിന്‍റെ ജപ്തി ഭീഷണി; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. പാവങ്ങളെ ബാങ്ക് കുടുക്കിലാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ബാങ്കിന്‍റെ ജപ്തി ഭീഷണി കാരണമാണെന്നും സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
കോട്ടയം അർബൻ കോഒാപ്പറേറ്റീവ് ബാങ്കിന്‍റെ മണിപ്പുഴ ശാഖയിൽ നിന്നാണ് ഇരട്ട സഹോദരങ്ങൾ 13 ലക്ഷം രൂപം വായ്പ എടുത്തത്. അഞ്ചു ലക്ഷം പലിശ അടക്കം 19 ലക്ഷം രൂപയാണ് തിരിച്ചടക്കേണ്ടത്. നാലര സെന്‍റ് ഭൂമിക്ക് മതിപ്പ് വിലയേക്കാൾ കൂടുതൽ തുക നൽകി. 19 ലക്ഷം രൂപ തിരികെ അടക്കാൻ കഴിയുമോ എന്ന് പരിശോധിച്ചില്ല. ഇത് ഗൗരവതരമായ വിഷയമാണ്. കോവിഡ് കാലത്തും ജപ്തി നടപടികൾക്ക് സാഹചര്യമുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ബാങ്കിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായിട്ടില്ലെന്നും സർഫാസി നിയമ പ്രകാരമുള്ള നടപടികൾ ബാങ്ക് സ്വീകരിച്ചിട്ടില്ലെന്നും സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി. വായ്പ എടുത്തവർക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചില്ല. ഏഴു മാസം മുമ്പാണ് നോട്ടീസ് നൽകിയത്. ആത്മഹത്യ നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ബാങ്ക് മാനേജർ ഇരട്ട സഹോദരങ്ങളോട് സംസാരിച്ചിരുന്നു. ജപ്തി നോട്ടീസിന്‍റെ ഭാഗമായിട്ടാണോ ആത്മഹത്യ നടത്തിയതെന്ന് പരിശോധിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ നിർഭാഗ്യകരമെന്നും മന്ത്രി വ്യക്തമാക്കി.
ജപ്തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്പ എടുത്തവർക്ക് ജപ്തി നോട്ടീസ് പതിക്കരുത്. പലർക്കും വരുമാനമില്ല. നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കും. ബാങ്കേഴ്സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.