പങ്കാളി കൈമാറ്റം: പരാതിക്കാരിയും പ്രതിയും ഇല്ലാതായി, എങ്ങുമെത്താതെ കേസ്
text_fieldsകോട്ടയം: പരാതിക്കാരിയും പ്രതികളിലൊരാളും ഇല്ലാതായതോടെ മാഞ്ഞുപോകുന്നത് കേരളത്തെ ഞെട്ടിച്ച പങ്കാളി കൈമാറ്റക്കേസ്. സംഭവത്തിലെ ഏക പരാതിക്കാരിയാണ് കൊല്ലപ്പെട്ട ജൂബി. ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച കേസിലെ പ്രതിയായ ഭർത്താവ് ഷിനോ മാത്യു ചികിത്സക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്.
ജൂബി പേര് വെളിപ്പെടുത്താതെ യൂട്യൂബിൽ പങ്കുവെച്ച അനുഭവങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പങ്കാളികളെ ലൈംഗിക ബന്ധത്തിന് കൈമാറുന്ന നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ജൂബിയുടെ മൊഴികളിൽനിന്ന് വ്യക്തമായിരുന്നെങ്കിലും ആരും പരാതിയുമായി മുന്നോട്ടുവരാത്തതിനാൽ കേസ് പാതിവഴിയിൽ നിലക്കുകയായിരുന്നു. യൂട്യൂബിലെ വെളിപ്പെടുത്തൽ കണ്ട ബന്ധുക്കൾ സംശയം തോന്നി അന്വേഷിച്ചു. തുടർന്ന് ജൂബി വീട്ടുകാർക്കൊപ്പം മണർകാട്ടെ വീട്ടിലേക്കുപോന്നു.
പൊലീസിന് യുവതി നൽകിയ പരാതിയിൽ ഒമ്പതുപേർക്കെതിരെ കറുകച്ചാൽ പൊലീസ് കേസെടുക്കുകയും ഷിനോ അടക്കം ഏഴുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഷിനോ മാപ്പുപറഞ്ഞശേഷം ജൂബിയെ തിരിച്ചുകൊണ്ടുപോയെങ്കിലും വീണ്ടും ഇയാൾ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. പലതവണ ഇതിന്‍റെ പേരിൽ ജൂബി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടുമാസം മുമ്പാണ് അവസാനമായി പോന്നത്. ഇതിന്‍റെ വൈരാഗ്യത്തിൽ കൊലപ്പെടുത്തി എന്നാണു കരുതുന്നത്.
സംഭവസമയത്ത് ജൂബി വീട്ടിൽ ഒറ്റക്കായിരുന്നു. അടുത്ത വീട്ടിൽ കളിക്കാൻപോയ മക്കൾ തിരിച്ചെത്തിയപ്പോഴാണ് വെട്ടേറ്റുകിടക്കുന്ന യുവതിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്ന് രാവിലെ ഷിനോയെ വീടിന് പരിസരത്ത് കണ്ടിരുന്നതായി പൊലീസിന് മൊഴിലഭിച്ചിരുന്നു. കങ്ങഴയിൽ വാടകക്ക് താമസിച്ചിരുന്ന ഇയാൾ കേസിനുശേഷം ചങ്ങനാശ്ശേരി പെരുമ്പനച്ചിക്ക് താമസം മാറ്റിയിരുന്നു. ഇവിടെവെച്ചാണ് വിഷംകഴിച്ചത്.
ഷിനോയാണ് ജൂബിയെ കൊന്നതെന്ന് സാഹചര്യത്തെളിവുണ്ടെങ്കിലും താനല്ല കൊന്നതെന്നാണ് ഷിനോയുടെ മൊഴി. ജൂബിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിസ്ചാർജായ ശേഷം ചോദ്യംചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഷിനോ മാത്യുവിന്‍റെ മരണം ‘പൊളോണിയം’ അകത്തുചെന്ന്
കോട്ടയം: ഷിനോ മാത്യു മരിച്ചത് ‘പൊളോണിയം’ റേഡിയേഷൻ വിഷം അകത്തുചെന്നാണെന്ന് സൂചന. രക്തസാമ്പിൾ പരിശോധനയുടെ ഫലം ലഭ്യമായാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ആശുപത്രിയിൽവെച്ച് ഇയാൾ തന്നെയാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈനിലാണ് വാങ്ങിയത്. ഇത് എത്തിച്ച കൊറിയർ കമ്പനിയിലെ ജീവനക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
റേഡിയേഷനുള്ളതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷ്മതയോടെയാണ് ഇയാളെ കൈകാര്യം ചെയ്തത്. ഐസൊലേഷൻ വാർഡിലാണ് ചികിത്സിച്ചിരുന്നത്. എന്നാൽ, പൊളോണിയം വ്യക്തികൾക്ക് വാങ്ങാൻ ലഭിക്കുന്നതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.