Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് യുവാവിനെ...

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയത് അതിസുരക്ഷാമേഖലയിൽ; എസ്​.പി ഓഫിസിൽനിന്ന്​ ഒരു കി.മീ. മാത്രം ദൂരം

text_fields
bookmark_border
shan babu and jomon
cancel
camera_alt

കൊല്ലപ്പെട്ട ഷാൻ ബാബുവും പൊലീസിന്റെ പിടിയിലായ ജോമോനും 

കോട്ടയം: നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതും മർദിച്ചുകൊന്നതും പൊലീസിന്‍റെയും ഉന്നതാധികാരികളു​ടെയും മൂക്കിനുതാഴെ. കലക്ടറേറ്റ്​, ഈസ്റ്റ്​ പൊലീസ്​ സ്​റ്റേഷൻ, എസ്​.പി ഓഫിസ്​, ക്രൈംബ്രാഞ്ച്​ ഓഫിസ്​, പൊലീസ്​ ക്വാർട്ടേഴ്​സ്​, വിജിലൻസ്​ ഓഫിസ്​, പൊലീസ് ​ക്ലബ്​, എ.ആർ ക്യാമ്പ്​, ജയിൽ തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന അതിസുരക്ഷാമേഖലയിലാണ്​ സംഭവം നടന്നത്​. എ.ആർ ക്യാമ്പ്​ പരിസരത്തുനിന്നാണ്​ ഷാനിനെ തട്ടിക്കൊണ്ടുപോയത്​. എസ്​.പി ഓഫിസിൽനിന്ന്​ ഒരു കി.മീ. മാത്രമാണ്​ ഇങ്ങോട്ടുള്ള ദൂരം.

ഞായറാഴ്ച രാ​ത്രി ഒമ്പതരക്ക്​​ ഷാനിനെ തട്ടിക്കൊണ്ടുപോയിട്ടും നഗരത്തിലെമ്പാടും സജീവമായിരുന്ന പൊലീസ്​ അറിഞ്ഞില്ല​. ഷാനിന്‍റെ മാതാവ്​ രാത്രി ഒന്നരക്കാണ്​ മകനെ കാണാനില്ലെന്ന്​ പൊലീസ് ​സ്​റ്റേഷനിൽ പരാതി നൽകുന്നത്​. അപ്പോൾ മുതൽ നഗരത്തിൽ തലങ്ങും വിലങ്ങും വാഹനപരിശോധന നടത്തിയെന്നാണ്​ പൊലീസ്​ പറയുന്നത്​.

എന്നിട്ടും ഇതിനിടയിലൂടെ​ ഷാനിനെ ചുമന്ന്​ പ്രതി സ്​റ്റേഷനിൽ ​കൊണ്ടുവന്നിട്ട്​ കൊലവിളി നടത്തിയപ്പോൾ മാത്രമാണ്​ പൊലീസ്​​ വിവരമറിയുന്നത്​. മറ്റേ​തൊരു നഗരത്തേക്കാളും രാ​ത്രി പരിശോധന കൂടുതലുള്ള സ്ഥലമാണ്​ കോട്ടയം. പലതവണ പൊലീസ്​ പരിശോധന കഴിഞ്ഞാണ്​ വാഹനയാത്രികർക്ക്​ കടന്നുപോകാനാവുക. ഇതിനെതിരെ വ്യാപകപരാതിയും പതിവാണ്​​. ​ഇത്രയധികം പരിശോധന നടത്തിയിട്ടും നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ്​ മാഫിയ, ഗുണ്ട ആക്രമണങ്ങളും കൊലപാതകങ്ങളും കുറവില്ല.

കങ്ങഴയില്‍ യുവാവിനെ പട്ടാപ്പകല്‍ ഓടിച്ചിട്ട്​ കൊലപ്പെടുത്തി കാല്‍പാദം വെട്ടിയെടുത്ത്​ കവലയിൽവെച്ചത്​ അടുത്തിടെയാണ്​. ഗുണ്ട സംഘങ്ങളുടെ കുടിപ്പകയായിരുന്നു അതിനുപിന്നിലും. ജില്ലയിലെ പല കേന്ദ്രങ്ങളും കഞ്ചാവ്​ മാഫിയയുടെ കീഴിലാണ്​. ഇവർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്​.

കൊലപാതകം നടത്തിയത്​ കാപ്പ ചുമത്തി നാടു കടത്തിയയാൾ

ഷാൻ ബാബുവിനെ ​കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജോമോൻ കാപ്പ ചുമത്തി ജില്ലയിൽനിന്ന്​ നാടു കടത്തപ്പെട്ടയാൾ. നവംബർ 19നാണ് കാപ്പ ചുമത്തി ഒരു വർഷ​​ത്തേക്ക്​ ജില്ല പൊലീസ് മേധാവി നാടുകടത്തിയത്. എന്നാൽ, അപ്പീൽ കമ്മിറ്റിയിൽ ഇളവുതേടി ഡിസംബറിൽ​ തിരിച്ചെത്തി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, പ്രായമുള്ള അമ്മ വീട്ടിൽ ഒറ്റക്കാണെന്നും താനാണ്​ വീടിന്‍റെ ഏക ആശ്രയം എന്നും പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ചാണ്​ അപ്പീൽ പോയത്​. പ്രതിയുടെ കേസ്​ വിവരങ്ങൾ കൃത്യമായി അപ്പീൽ കമ്മിറ്റിയെ അറിയിച്ചിരുന്നെങ്കിൽ ഇളവ്​ ലഭ്യമാകില്ലായിരുന്നു.

ഇക്കാര്യത്തിൽ പൊലീസിന്​ വീഴ്ച സംഭവിച്ചതായി​ ആരോപണമുണ്ട്​. കൂടുതൽ ശക്​തമായ വകുപ്പു ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക്​ ഇളവു ലഭിക്കില്ലായിരുന്നുവെന്ന്​ സ്​റ്റേഷനിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. അതേസമയം എല്ലാ വിവരങ്ങളും നൽകിയാണ്​ കാപ്പ ചുമത്തിയതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്​ ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറയുന്നത്​. ശനിയാഴ്ചകളിൽ കോട്ടയം ഡിവൈ.എസ്.പി ഓഫിസിൽ എത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് പ്രതിക്ക്​ ഇളവ് അനുവദിച്ചത്​.

ഓട്ടോ ഡ്രൈവറായി നഗരത്തിലെത്തിയ പ്രതി കേഡി ജോമോനെന്ന പേരില്‍ ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തിലേക്ക്​ വളര്‍ന്നത്​ രാഷ്​​ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും തണലിലാണ്​. മാസങ്ങൾക്കുമുമ്പ്​ നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന്​ ഓട്ടം വിളിച്ചുകൊണ്ടുപോയി യുവാവിനെ ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു. ഈ കേസിൽ റിമാൻഡ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും അക്രമം നടത്തി. ഈ കേസിനു പിന്നാലെയാണ് കാപ്പ ചുമത്താൻ നടപടി സ്വീകരിച്ചത്​.

എസ്​.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജിയാണ് ഇയാളെ നാടുകടത്തിയത്. കോട്ടയം ഈസ്റ്റ്​ , അയർക്കുന്നം സ്​റ്റേഷനുകളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭവനഭേദനം, ന്യായവിരുദ്ധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്​. പണം ആവശ്യപ്പെട്ട്​ കൊച്ചിയിലെ ലുലുമാൾ ബോംബുവെച്ച്​ തകർക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്​.

കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറിയിലെ കവര്‍ച്ചകേസിലെ പ്രതിയും ജോമോനും ചേര്‍ന്നാണ് അന്ന് ഭീഷണി മുഴക്കിയത്. ആ കേസിൽ ഇടപ്പള്ളി പൊലീസ്​ ഇരുവരെയും അറസ്റ്റ്​ചെയ്​തിരുന്നു. ഏതാനും നാളുകളായി ടി.ബി. റോഡില്‍ ജോമോന്‍റെ നേതൃത്വത്തില്‍ തട്ടുകട നടത്തുന്നുണ്ട്. ഇതിനോടുചേർന്ന കടമുറിയിലാണ്​ താമസം. രാത്രി തട്ടുകട, ഓട്ടോ ഡ്രൈവര്‍ വേഷങ്ങളില്‍ നഗരത്തിലെത്തുന്ന ജോമോന്‍, ലഹരി ഇടപാടുകളിലെ കണ്ണിയാണെന്ന്​ സംശയമുണ്ട്​. നഗരത്തിലും കോടിമതയിലുമായി നിരവധി യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ അംഗങ്ങളാണ്.

മരണകാരണം തലക്കുള്ളിലെ രക്​തസ്രാവം

കോട്ടയം വിമലഗിരി ഉറുമ്പിയത്ത്​ വീട്ടിൽ പൊന്നമ്മയുടെ മകൻ ഷാൻ ബാബുവിന്റെ (19) മരണകാരണം തലക്കുള്ളിലെ രക്​തസ്രാവമെന്ന്​ പ്രാഥമിക പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. പുറമേക്ക്​ മാരക പരിക്കുകളില്ല. മർദനമേറ്റതിന്‍റെ പാടുകൾ മാത്രമാണുള്ളത്​. തലയോട്ടിക്ക്​ പൊട്ടലില്ല. മർദനത്തിനിടയിൽ തല എവിടെയെങ്കിലും ഇടിക്കുകയോ തലയടിച്ച്​ താഴെ വീഴുകയോ ചെയ്തതിനെതുടർന്നാകാം​ തലക്കുള്ളിൽ രക്​തസ്രാവമുണ്ടായത്​.

വീടിന്​ സമീപത്തുനിന്നാണ് ഇയാളെ ഗണ്ടസംഘം​ തട്ടിക്കൊണ്ടുപോയയത്. തുടർന്ന് അടിച്ചുകൊന്ന് പൊലീസ് സ്​റ്റേഷന് മുന്നിലിടുകയായിരുന്നു. കാപ്പ ചുമത്തി പൊലീസ്​ നാടുകടത്തിയ, നഗരത്തിലെ ഗുണ്ട ലിസ്റ്റിലുൾപ്പെട്ട മുട്ടമ്പലം ​കൊതമന വീട്ടിൽ ജോമോൻ കെ. ജോസിനെ​ (കേഡി ജോമോൻ -40) അറസ്റ്റ്​ ചെതിട്ടുണ്ട്. ഇയാൾ​ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരും കസ്റ്റഡിയിലാണ്​. കേസിൽ അഞ്ച് പ്രതികളാണുള്ളത്. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലുണ്ട്. തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ച 3.30ന്​ കോട്ടയം ഈസ്റ്റ് പൊലീസ് സ്​റ്റേഷന് മുന്നിലാണ് നഗരത്തെ നടുക്കിയ സംഭവം. ഷാന്‍റെ ശരീരം ചുമന്ന്​ ​ജോമോൻ സ്​റ്റേഷന്​ മുറ്റത്ത്​ ​കൊണ്ടുവന്നിടുകയും താനൊരാളെ കൊന്നുവെന്ന്​ പൊലീസുകാരോട്​ വിളിച്ചു പറയുകയും ചെയ്തു. കഞ്ചാവിന്‍റെ ലഹരിയിൽ സ്​റ്റേഷനുമുന്നിൽ കൊലവിളി മുഴക്കിനിന്ന പ്രതിയെ പൊലീസുകാർ അനുനയിപ്പിച്ച്​ പിടികൂടുകയായിരുന്നു. തുടർന്ന്​ ഷാൻ ബാബുവിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീടിനടുത്ത്​ രണ്ടു സുഹൃത്തുക്കൾക്കൊപ്പം റോഡിൽ നിന്നിരുന്ന ഷാനെ അഞ്ചംഗ സംഘം ഓട്ടോറിക്ഷയിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്തുക്കൾ പേടിച്ച്​ ഓടിരക്ഷപ്പെട്ടു. ഓട്ടോയിൽവെച്ച്​ ഷാനിനെ ക്രൂരമായി മർദിച്ചു. കളത്തിപ്പടിയിലെ ആനത്താനത്തെ ഗ്രൗണ്ടിലെത്തിച്ച്​ എല്ലാവരും ചേർന്ന്​ വീണ്ടും മർദിച്ചു. തുടർന്ന്​ യുവാവിനെ എടുത്ത്​ ഓട്ടോയിലിട്ട്​ ഈസ്റ്റ്​ പൊലീസ്​ സ്​റ്റേഷനരികിലെത്തി.

സ്​റ്റേഷന്​ പിന്നിൽ ജോമോനെ ഇറക്കി മറ്റുള്ളവർ പോയി. അവിടെനിന്ന്​ മൃതദേഹം ചുമലിലേറ്റി ജോമോൻ സ്​റ്റേഷനിലെത്തുകയായിരുന്നു. മാരക മയക്കുമരുന്ന്​ കഴിച്ചാണ്​ ഇവർ കുറ്റകൃത്യം നടത്തിയതെന്നാണ്​ പൊലീസ്​ കരുതുന്നത്. ലഹരിയിലായിരുന്ന ജോമോൻ സ്​റ്റേഷനകത്തും അക്രമം കാണിച്ചു. ഷാനെ കാണാതായതിനെ തുടർന്ന്​ രാത്രി ഒന്നരക്ക്​ അമ്മയും സഹോദരിയും ഈസ്റ്റ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടയിലാണ്​ സംഭവം.

പ്രതിയെ കാപ്പ ചുമത്തി നവംബർ 19നാണ്​ ജില്ലയിൽനിന്ന്​ പുറത്താക്കിയത്​. ഇളവു​നേടി ജനുവരി എട്ടിന്​ ജില്ലയിലെത്തി. കുറച്ചുകാലം സജീവമല്ലാതിരുന്നതോടെ തന്‍റെ പ്രാധാന്യം നഷ്​ടപ്പെട്ടെന്ന്​ തോന്നിയ പ്രതി തന്‍റെ അധികാരം വീണ്ടും ഉറപ്പിക്കുന്നതിന്​ മറ്റൊരു ഗുണ്ടയായ ശരത്​രാജ്​ എന്ന സൂര്യനെ വെല്ലുവിളിച്ചിരുന്നു. സൂര്യനുമൊന്നിച്ചുള്ള ഷാനിന്‍റെ ഫോ​ട്ടോ ഫേസ്​ബുക്കിൽ കണ്ടതിനെത്തുടർന്ന്​ ഇവർ തമ്മിൽ ബന്ധമുണ്ടെന്ന്​ കരുതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സൂര്യനെ കണ്ടെത്താനാണ്​ തട്ടിക്കൊണ്ടുപോയതെന്നും കൊല്ലാൻ ഉ​​ദ്ദേശമില്ലായിരുന്നു എന്നുമാണ്​ ഇയാൾ പൊലീസിനോട്​ പറഞ്ഞത്​. ഇവർ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. മരിച്ച ഷാനിനെതിരെ കേസുകളൊന്നും നിലവിലി​ല്ലെന്ന്​ എസ്​.പി ഡി. ശിൽപ അറിയിച്ചു. ഷാന്‍റെ സഹോദരി: ഷാരോൺ ബാബു. പോസ്റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക്​ കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammurder
News Summary - Kottayam youth killed in high security zone; One km from the SP office - kottayam shan babu murder
Next Story